സ്വന്തം ലേഖകൻ: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ പ്രതി മാർട്ടിൻ ഡൊമിനിക്കിന്റെ മുൻകാല പ്രവർത്തനങ്ങൾ പോലീസ് പരിശോധിക്കുന്നു. ഇതിനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടന്നുവരികയാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സ്ഫോടനം നടന്ന ഹാൾ പരിസരത്ത് മാർട്ടിനെ തിരിച്ചറിഞ്ഞവർ എന്നിങ്ങനെയുള്ളവരുടെ മൊഴി ശേഖരിക്കുന്നുണ്ട്.
സംസ്ഥാനത്ത് നടന്ന യഹോവയുടെ സാക്ഷികളുടെ മുൻ കൺവെൻഷനുകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ആറു മാസത്തെ കൺവെൻഷനുകളുടെയും പ്രാർഥനാ യോഗങ്ങളുടെയും വിശദാംശങ്ങളാണ് ശേഖരിക്കുന്നത്.
അതിനിടെ, മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷക സംഘം വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകി. കൺവെൻഷനിൽ പങ്കെടുത്തവരിൽ ചിലർ സംഭവ ദിവസം മാർട്ടിനെ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. തിരിച്ചറിയൽ പരേഡിന് കോടതി അംഗീകാരം ലഭിച്ചാൽ ഇവരോട് ഹാജരാകാൻ ആവശ്യപ്പെടും.
കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. ആസ്റ്റർ മെഡ്സിറ്റിയിൽ വെന്റിലേറ്ററിലുള്ള മലയാറ്റൂർ സ്വദേശിനി റീന ജോസ്, മകൻ പ്രവീൺ എന്നിവർക്ക് സ്കിൻ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയ നടത്തി. കളമശ്ശേരി സ്വദേശിനി മോളി ജോയി (61) എഴുപതു ശതമാനം പെള്ളലോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്.
പരിക്കേറ്റ പതിനെട്ടുപേർ വിവിധ ആശുപത്രികളിലാണ്. ഇതിൽ പതിമൂന്നു പേർ ഐ.സി.യു.വിലും അഞ്ചുപേർ വാർഡിലുമാണ്. ഒരാളെ ‘ട്രോമ ബാക്ക്’ (സ്ഫോടനത്തെ തുടർന്നുണ്ടായ ഭയം) ആയിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല