സിനിമാതാരം ഉര്‍വ്വശിക്ക് പിന്നാലെ സഹോദരിയും അഭിനേത്രിയുമായ കല്‍പന വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്‌തവവിരുദ്ധമാണെന്ന് കല്‍പന പറഞ്ഞു.
ഞങ്ങള്‍ക്കിടയില്‍ ചെറിയ ചില അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയുമിരിക്കും. ഇതൊക്കെ എല്ലാ വീടുകളിലും പതിവല്ലേ. അതൊന്നും വാര്‍ത്തയാവുന്നില്ലല്ലോ. ഞാന്‍ ഒരു നടിയായിപ്പോയതുകൊണ്ട് എന്തെല്ലാം സഹിക്കണം- കല്‍പന പറയുന്നു. ചില പത്രക്കാരാണ് ഇത്തരം അസത്യ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
താന്‍ പോലും അറിയാതെ തന്റെ ജീവിതകഥ ഓരോരുത്തരും എഴുതി വിടുകയാണെന്ന് കല്‌പന വേദനയോടെ പറയുന്നു. അനില്‍ അല്ലാതെ ഒരു പുരുഷന്‍ എന്റെ ജീവിതത്തില്‍ ഈ ജന്മം ഉണ്ടാവില്ല. ഞങ്ങള്‍ തമ്മില്‍ ബന്ധമൊഴിയുന്നു എന്നു വന്ന വാര്‍ത്തകളെല്ലാം നുണയാണ്. സിനിമയുടെ തിരക്കുകള്‍ നിമിത്തം ഞാനും അനിലും എപ്പോഴും യാത്രകളിലായിരിക്കും. അപ്പോള്‍ മോളെ ഒറ്റയ്‌ക്കു നിര്‍ത്താനാവില്ലല്ലോ. അതിനാല്‍, എറണാകുളത്ത് അമ്മയ്‌ക്കൊപ്പം അവളെ താമസിപ്പിക്കുന്നു. അനില്‍ ബാംഗ്‌ളൂരില്‍ കൂടുതല്‍ സമയം ചെലവിടുന്നതാണ് മറ്റൊരു വിവാദം. കന്നഡ സിനിമയില്‍ സജീവമാകണമെന്ന് അനിലിന് മോഹമുണ്ട്. കരിയര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണത്. വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ ഒരു കഴമ്പുമില്ലാത്തതാണെന്ന് അനില്‍ പലവട്ടം പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഞങ്ങളുടെ ജീവിതം തകര്‍ത്തുകാണാന്‍ ആരൊക്കെയോ മോഹിക്കുന്നു. അവരോട് ദൈവം പൊറുക്കട്ടെ, കല്‌പന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല