സ്വന്തം ലേഖകന്‍: ഗൗതമിയുമായുള്ള വേര്‍പിരിയല്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കമല്‍ ഹാസന്‍. വേര്‍പിരിയല്‍ വാര്‍ത്ത ഗൗതമി പുറത്തുവിട്ടതിനു ശേഷം തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ നിഷേധിച്ച കമല്‍ ഇതേവരെ താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ലെന്നും ഇനി പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്. തന്റെ പ്രതികരണം എന്ന പേരില്‍ ആരോ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഈ അവസരത്തില്‍ തന്റെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വിവേകശൂന്യവും സംസ്‌കാരരഹിതവുമാണ്. ഇതെക്കുറിച്ച് ഈ സാഹചര്യത്തില്‍ താന്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമല്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കമലുമായി പിരിയുന്ന വിവരം നടി കൂടിയായ ഗൗതമി തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടത്. 2005 മുതലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചത്. ‘ഞാനും മിസ്റ്റര്‍ ഹാസനും ഇനി ഒരുമിച്ചല്ല എന്ന് പറയേണ്ടി വരുന്ന ഈ നിമിഷം എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ജീവിതത്തില്‍ ഞാന്‍ കൈക്കൊണ്ട ഏറ്റവും വലിയ വേദനാജനകമായ തീരുമാനമാണിത്. ഞങ്ങളുടെ പാതകള്‍ ഒരിക്കലും അടുക്കാത്ത തരത്തില്‍ അകന്നു കഴിഞ്ഞെന്നും ഒന്നുകില്‍ ജീവിതത്തിനുവേണ്ടി തങ്ങളുടെ സ്വപ്നങ്ങള്‍ അടിയറവയ്ക്കുകയോ അല്ലെങ്കില്‍ ഏകന്തതെ വരിച്ച് മുന്നോട്ടുപോവുകയോ ചെയ്യണമെന്ന് അംഗീകരിക്കുക ആര്‍ക്കും എളുപ്പമുള്ള കാര്യമല്ല. ഹൃദയഭേദകമായ ഈ സത്യം അംഗീകരിക്കാനും ഈ തീരുമാനം കൈക്കൊള്ളാനും ഒരുപാട് കാലം, ഒരുപക്ഷേ, വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവന്നു എനിക്ക്,’ ഗൗതമി വേര്‍പിരിയല്‍ കുറിപ്പില്‍ എഴുതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല