സ്വന്തം ലേഖകന്‍: ‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു. മധുരയില് നടന്ന ചടങ്ങില്‍ പാര്ട്ടി പതാകയും പുറത്തിറക്കി. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി കമല് ഹാസന് കഴിഞ്ഞ ദിവസം തമിഴ്‌നാട് പര്യടനം ആരംഭിച്ചിരുന്നു. മുന് രാഷ്ട്രപതി എപിജെ അബ്ദുള് കലാമിന്റെ വീട് സന്ദര്ശിച്ചാണ് അദ്ദേഹം പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ കലാമിന്റെ വീട്ടില് എത്തിയ അദ്ദേഹം കുടുംബാഗംങ്ങളുമായി കൂടിക്കാഴ്ച നടത്തി.
എന്നാല് എപിജെ അബ്ദുള് കലാം സ്‌കൂള് സന്ദര്ശിക്കുന്ന തീരുമാനത്തില് നിന്നും കമല് പിന്മാറി. പൊതു വിദ്യാലയങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കും എന്ന വിമര്ശനം ഉയരാനുള്ള സാധ്യത ഉള്ളതിനാലാണ് സ്‌കൂള് സന്ദര്ശനത്തില് നിന്നും കമല് പിന്മാറിയത്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവങ്ങള് സന്ദര്ശിച്ചതിനു ശേഷമാണ് അദ്ദേഹം മധുരയില് എത്തി പാര്ട്ടി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വര്ഷം തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്ത്തകള് പുറത്തുവന്നിരുന്നു. പര്യടനം തുടങ്ങുമ്പോള് തന്നെ പാര്ട്ടിയുടെ പേരും പാര്ട്ടി നയങ്ങളും വ്യക്തമാക്കുമെന്ന് കമല് ഹാസന് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനം മുഴുവന് നടത്തുന്ന പര്യടനത്തിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ യഥാര്ത്ഥ ആവശ്യങ്ങള് മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള് തിരിച്ചറിയാനുമാണ് ലക്ഷ്യമെന്ന് താരം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല