സ്വന്തം ലേഖകന്‍: ‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍. സിനിമയും കലയും നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ചും കലാമേഖലയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു താരം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്.
‘ഇന്നാണെങ്കില്‍ എനിക്ക് ‘അന്‍പേ ശിവം’ നിര്‍മിക്കാന്‍ സാധിക്കില്ലായിരുന്നു. ഇന്നാണത് ചെയ്യുന്നതെങ്കില്‍ ഞാന്‍ കോടതി കയറി ഇറങ്ങേണ്ടിവരും. ഇന്നാണ് ഞാന്‍ ‘ദശാവതാരം’ ചെയ്യുന്നതെങ്കില്‍ ഞാന്‍ കോടതി കയറി ഇറങ്ങേണ്ടി വരും. ഇന്നാണ് ഞാന്‍ ‘വരുമയിന്‍ നിറം സിവപ്പ്’ ചെയ്യുന്നതെങ്കില്‍ എനിക്ക് ഒട്ടനവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ആര്‍ക്കറിയാം, അവര്‍ ‘ഇന്ത്യന്‍ 2′ വിനെതിരെയും പ്രശ്‌നം ഉണ്ടാക്കിയേക്കും’, കമല്‍ഹാസന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ മൈലേജ് കൊടുക്കുന്ന എന്തിനെയും വിവാദമാക്കാന്‍ തയ്യാറായിരിക്കുകയാണ് രാഷ്ട്രീയക്കാര്‍ എന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചു. ‘അവര്‍ക്ക് (രാഷ്ട്രീയക്കാര്‍ക്ക്) തങ്ങളുടെ യാത്ര എങ്ങോട്ടാണ് എന്നതിനെക്കുറിച്ച് യാതൊരു കാഴ്ചപ്പാടുമില്ല. അവര്‍ക്ക് അങ്ങനെയങ്ങ് മുന്നോട്ടുപോയാല്‍ മതി. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മുന്നോട്ട് പോകണം എന്ന് മാത്രം’, അദ്ദേഹം പറഞ്ഞു.
‘ഇവിടെ യാതൊരു വിവാദവുമില്ല. വിവാദം അവര്‍ ഉണ്ടാക്കുന്നതാണ്. നിങ്ങള്‍ പറയൂ ‘പത്മാവത്’ വിവാദം എന്താണെന്ന് ? അത് തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സ്‌കൂള്‍ കുട്ടികളുടെ നേര്‍ക്ക് നേരെയാണ് ആക്രമം നടന്നത്. എത്ര ആക്ഷേപാര്‍ഹമാണിത്’, കമല്‍ഹാസന്‍ പരിഭവം മറച്ചു വച്ചില്ല.
‘ഇന്നാണെങ്കില്‍ എനിക്ക് ‘തേവര്‍ മകന്‍’ ഇറക്കാന്‍ പറ്റില്ല. ‘ദശാവതാര’ത്തിലെ പൂവരഗന്‍ എന്ന കഥാപാത്രത്തെ കാണിക്കാനും സാധിക്കില്ല.’, ഇത്തരം അസഹിഷ്ണുത ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ല എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് കമല്‍ഹാസന്‍ പറഞ്ഞു. ശങ്കര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായി 1996ല്‍ ഇറങ്ങിയ ‘ഇന്ത്യന്‍’സിനിമയുടെ രണ്ടാം പതിപ്പിന്റെ നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് താരത്തിന്റെ അഭിപ്രായപ്രകടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല