സ്വന്തം ലേഖകന്‍: ഹിന്ദു തീവ്രവാദ പരാമര്‍ശം, കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദു മഹാസഭ, ഇത് മതനിരപേക്ഷതയ്ക്ക് എതിരായ കൊലവിളിയെന്ന് പിണറായി. കമല്‍ഹാസനെയും കമലിനെ പോലെയുള്ളവരെയും വെടിവെച്ച് കൊല്ലണമെന്നാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്ന കമലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ഭീഷണി.
മുമ്പ് ആശയപരമായി സംവദിച്ചിരുന്നവര്‍ ഇന്ന് അവരുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ തീവ്രവാദത്തെയും ആയുധങ്ങളെയും കൂട്ടുപിടിക്കുകയാണെന്ന് കമല്‍ വിമര്‍ശിച്ചിരുന്നു. ‘കമലിനെയും അയാളെ പോലെയുള്ളവരെയും ഒന്നുകില്‍ വെടിവെച്ച് കൊല്ലണം, അല്ലെങ്കില്‍ തൂക്കിലേറ്റണം. എന്നാലെ അവരെ പോലെയുള്ളവര്‍ ഒരു പാഠം പഠിക്കുകയുള്ളു.
ഹിന്ദു വിശ്വാസികളെ മോശമായി ചിത്രീകരിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ഈ വിശുദ്ധ മണ്ണില്‍ ജീവിക്കാനുള്ള അവകാശമില്ല. അവരുടെ വാക്കുകള്‍ക്ക് മരണമാണ് തിരിച്ചു കിട്ടേണ്ടണ്ടത്,’ ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. കമലോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഭാഗമായ ചിത്രങ്ങള്‍ കാണില്ലെന്ന് സംഘടനാ അംഗങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ സംഭവത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. മതനിരപേക്ഷതയ്ക്ക് എതിരായ കൊലവിളിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല