കോടികള്‍ തരാമെന്ന് പറഞ്ഞാലും കൊമേഴ്സ്യല്‍ പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്ന് പ്രതിജ്ഞ എടുത്തവരാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമലാഹാസനും. രജനീകാന്ത് സിനിമയില്‍ എത്തി നാല്പത് വര്‍ഷമാകാന്‍ പോകുന്നു. കമലാകട്ടെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കി. ഇരുവരെയും ബ്രാന്‍ഡ് അംബാസിഡര്മാരാക്കാനും പരസ്യചിത്രങ്ങളില്‍ അഭിനയിപ്പിക്കാനും സ്വദേശികളും വിദേശികളുമായ പല കമ്പനികളും വമ്പന്‍ ഓഫറുകളുമായി എത്തിയെങ്കിലും രജനിയും കമലും ഈ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു.
എന്നാലിപ്പോള്‍ തന്റെ വ്രതം അവസാനിപ്പിക്കാന്‍ കമല്‍ ഒരുങ്ങുകയാണെന്ന് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറണം എന്ന ചിന്തയായിരിക്കാം കമലിനെ തന്റെ വ്രതം മുടക്കാന്‍ പ്രേരിപ്പിക്കുന്നത്. കാരണം എന്തായാലും, മുംബൈ ആസ്ഥാനമായുള്ള ‘അലയന്‍സ് മീഡിയാ’ എന്ന ‘സെലിബ്രിറ്റി ഔട്ട്സോഴ്സിംഗ്’ കമ്പനിയുമായി കമല്‍ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. സെലിബ്രിറ്റികളുമായി കരാറില്‍ ഏര്‍പ്പെട്ട് വിവിധ കമ്പനികള്‍ക്ക് ബ്രാന്‍ഡ് അംബാസിഡര്‍മാരായി നല്കുന്ന കമ്പനിയാണ് അലയന്‍സ് മീഡിയ.
“സമൂഹ നന്മയ്ക്ക് വേണ്ടി ചിലതൊക്കെ ചെയ്യാന്‍ കമലിന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള പണം സ്വരൂപിക്കാന്‍ കഴിയുന്നുമില്ല. അതുകൊണ്ടാണ് ജീവിതത്തില്‍ ആദ്യമായി കമല്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. സമൂഹത്തിനോട് പ്രതിജ്ഞാബദ്ധതയുള്ള കമ്പനികളെ മാത്രമേ കമല്‍ ‘എന്‍ഡോഴ്സ്’ ചെയ്യൂ. ഇതില്‍ നിന്ന് ലഭിക്കുന്ന പണം സമൂഹ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയു ചെയ്യും” – അലയന്‍സ് മീഡിയ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി, സുനില്‍ ദോഷി പറയുന്നു.
അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സൈഫ് അലി ഖാന്, പ്രീതി സിന്റ തുടങ്ങി വമ്പന്‍ താരങ്ങള്‍ക്ക് പരസ്യമേഖലയില്‍ ഉപദേശം നല്‍കുകയും ഏതൊക്കെ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്യുന്ന കമ്പനിയായ അലയന്‍സ് മീഡിയ ഏത് കമ്പനിയെയാണ് കമലാഹാസം ‘എന്‍ഡോഴ്സ്’ ചെയ്യുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും, കമല്‍ മനസ് മാറിയതോടെ രജനിയും സ്റ്റാന്‍ഡ് മാറ്റുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല