സ്വന്തം ലേഖകന്‍: കാലിനു ഗുരുതര പരിക്കേറ്റ നടന് കമല്‍ ഹാസാന്‍ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു. പരുക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കമല്‍ ഹാസന് വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്. ‘കമല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ ആശുപത്രി വിട്ടതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. കഷ്ടിച്ച് നടക്കാന്‍ കഴിയുമെന്ന സ്ഥിതിയിലാണ്. അതുകൊണ്ട് ഡോക്ടര്‍ ഏതാനും ആഴ്ചകള്‍ കൂടി അദ്ദേഹത്തിനു വിശ്രമം വേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ സഹായി അറിയിച്ചു.
കഴിഞ്ഞ മാസമാണ് വസതിയിലെ പടിക്കെട്ടില്‍ വഴുതിവീണ കമല്‍ ഹാസന്റെ കാലിന് ഗുരുതരമായി പരുക്കേറ്റത്. എല്ലിന് മൂന്ന് പൊട്ടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
പരുക്കിനെ തുടര്‍ന്ന് കമലിന്റെ ത്രിഭാഷ ഹാസ്യ ചിത്രം ‘സബാഷ് നായിഡു’വിന്റെ ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജൂലായില്‍ ആരംഭിക്കാനിരിക്കേയാണ് പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഇത് സെപ്തംബറിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡിസംബറില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ഇതോടെ തീയറ്ററിലെത്താന്‍ വൈകുമെന്ന് ഉറപ്പായി. കമല്‍ തന്നെ സംവിധാനം ചെയ്ത് മുഖ്യവേഷം കൈകാര്യം ചെയ്യുന്ന സബാഷ് നായിഡു തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ഒരേ സമയം ചിത്രീകരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല