ഗള്‍ഫിലെ പ്രവാസി ജീവിതത്തിന്റെ മറ്റൊരു മുഖം കാട്ടിത്തന്ന ഗദ്ദാമയ്ക്ക് ശേഷവും സംവിധായകന്‍ കമല്‍ ഗള്‍ഫിനെ കൈവിടുന്നില്ല. നിരൂപകപ്രശംസ നേടിയ ഗദ്ദാമയ്ക്ക് ശേഷം ഒരു ഗള്‍ഫ് ടച്ചുള്ള മിഡില്‍ ക്ലാസ് ഫാമിലിയെന്ന സിനിമയുമായാണ് കമല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
വെറുതെ ഒരു ഭാര്യയിലൂടെ ശ്രദ്ധേയനായ ഗിരീഷ്‌കുമാര്‍ തിരക്കഥയൊരുക്കുന്ന മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജയറാമാണ് നായകന്‍. അജയചന്ദ്രന്‍ നായര്‍ എന്ന ഗള്‍ഫ് മലയാളി കഥാപാത്രമായെത്തുന്ന ജയറാം പന്ത്രണ്ടു വര്‍ഷത്തിന് ശേഷമാണ് കമല്‍ ചിത്രത്തിലെ നായകനാവുന്നത്. സംവൃതസുനില്‍ രശ്മി എന്ന കഥാപാത്രത്തിലൂടെ അജയചന്ദ്രന്റെ നായികയാവുന്നു.
ഗള്‍ഫില്‍ പോയി കഷ്ടപ്പെടുന്ന പെണ്‍ ജീവിതാവസ്ഥയെ ഗദ്ദാമയിലൂടെ ഹൃദയസ്പര്‍ശിയായ് അവതരിപ്പിച്ച കമല്‍-ഗിരീഷ്‌കുമാര്‍ ടീം ഇത്തവണയും ഗള്‍ഫുകാരന്റെ കഥ തന്നെയാണ് പ്രമേയമാക്കുന്നത്. എന്നാലിത്തവണ മലയാളിയുടെ വലിയ വലിയ മോഹങ്ങളുടെ പിന്നാലെയാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്.
മലയാളിയുടെ അടിസ്ഥാനപരമായ ഒരു സ്വഭാവം എല്ലാറ്റിലും കുറച്ച് കൂടുതല്‍ വേണം എന്ന ചിന്തയാണ്. വീടായാലും കാറായാലും ആഘോഷങ്ങളായാലും ആവശ്യത്തിനപ്പുറത്തേക്കുള്ള മോഹവും അത് സാക്ഷാത്കരിക്കാനുള്ള ശ്രമവും അതു പിന്നിട്ടാല്‍ ബാദ്ധ്യതകള്‍ തീര്‍ക്കാനുള്ള ബാക്കി ജീവിതവും.
ഒരു ശരാശരിക്കാരനായ അജയചന്ദ്രന്‍നായര്‍ എന്ന ഗള്‍ഫ്കാരന്റെ ജീവിതത്തിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഗള്‍ഫില്‍ ബിസിനസ്സുകാരനായ ഇയാള്‍ക്ക് ഒരുപാട് മോഹങ്ങളുണ്ട്.വളരെ പ്രാക്ടിക്കലായ ഇയാളുടെ അച്ഛന് ഇത്തരം പ്രവര്‍ത്തി കളോട് തീരെ യോജിപ്പില്ല.
ഭാര്യയും ഒരേയൊരു മകള്‍ അശ്വതിയുമടങ്ങുന്ന അജയന്‍ കുടുംബത്തിന് വേണ്ടി ആവശ്യത്തില്‍ കവിഞ്ഞ നെട്ടോട്ടമാണ് നടത്തുന്നത്. ഇത് കൊണ്ട് സംഭവിക്കുന്ന ഭവിഷ്യത്തുക്കളെ നേരിടേണ്ടിവരുന്ന ഇവരുടെ കുടുംബത്തിലെ സംഭവങ്ങള്‍ രസകരമായും ഹൃദയസ്പര്‍ശിയായും അവതരിപ്പിക്കുകയാണ് പുതിയ കമല്‍ ചിത്രം.
കൊച്ചിയിലെ ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ മിഡില്‍ ക്ലാസ് ഫാമിലിയുടെ പൂജയില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടിയും ജയറാമും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് മമ്മൂട്ടി, സിബിമലയില്‍, സിയാദ് കോക്കര്‍, എന്നിവര്‍ ചേര്‍ന്നാണ്. ജയറാമിന്റെ ഒരു ഷോട്ടും ചിത്രീകരിച്ചു. ആദ്യ ക്‌ളാപ്പ്‌കൊടുത്തത് കാവ്യമാധവനാണ്. ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനുശേഷം ട്രൂലൈന്‍ സിനിമ യുടെ ബാനറില്‍ തങ്കച്ചച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ തൊടുപുഴയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല