ഒരു വലിയ പ്രൊജക്ടിനുള്ള ചര്‍ച്ചകള്‍ തമിഴകത്ത് പുരോഗമിക്കുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത പ്രൊജക്ടിനെക്കുറിച്ചാണ് ചര്‍ച്ച. കമലഹാസന് ചിത്രത്തില്‍ നായകനാകുമെന്നും സംവിധായകന് ലിംഗുസാമി ഈ ചിത്രം നിര്‍മ്മിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ലിംഗുസ്വാമി സംവിധാനം ചെയ്ത ‘വേട്ടൈ’യുടെ ഓഡിയോ ലോഞ്ചിംഗിന് ഷങ്കര്‍ എത്തിയിരുന്നു. അപ്പോള്‍ താന്‍ എഴുതിയ പുതിയ തിരക്കഥയുടെ വിശദാംശങ്ങള്‍ ഷങ്കര്‍ ലിംഗുസാമിയോട് പറഞ്ഞു. കഥ ഇഷ്ടപ്പെട്ട ലിംഗുസാമി താന്‍ ഇത് നിര്‍മ്മിക്കാമെന്ന് വാക്കുനല്‍കിയതോടെ ഒരു വലിയ സിനിമയ്ക്കുള്ള ആദ്യ ഒരുക്കങ്ങള്‍ തുടങ്ങി.
ഷങ്കര്‍ സംവിധാനം ചെയ്ത ‘നന്പന്’ പൊങ്കലിന് റിലീസാകും. അതിന് ശേഷം ഒരു വമ്പന്‍ മാസ് മസാല ചിത്രം ചെയ്യണമെന്നാണ് ഷങ്കറിന്റെ ആഗ്രഹം. ഒരു വണ്മാന് ഷോ സിനിമ. അത്തരം ഒരു തിരക്കഥയാണ് ഷങ്കര്‍ തയ്യാറാക്കിയിരിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ കമലഹാസനെ നായകനാക്കാം എന്ന് ലിംഗുസാമി നിര്‍ദ്ദേശിച്ചു.
കമലഹാസനോട് ലിംഗുസാമിയും ഷങ്കറും ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ താന്‍ സംവിധാനം ചെയ്യുന്ന ‘വിശ്വരൂപ’ത്തിന്റെ തിരക്കുകള്‍ക്ക് ശേഷമേ ഈ പ്രൊജക്ടിനേക്കുറിച്ച് ആലോചിക്കാനാവൂ എന്നാണ് കമല്‍ മറുപടി നല്‍കിയിരിക്കുന്നത്. എന്തായാലും സിനിമയുടെ മറ്റ് കാര്യങ്ങളുമായി ലിംഗുസാമിയും ഷങ്കറും മുന്നോട്ടുപോകുകയാണ്.
കമലിനെ നായകനാക്കി ‘ഇന്ത്യന്‍’ എന്ന മെഗാഹിറ്റ് ചിത്രം ഷങ്കര്‍ മുമ്പ് ഒരുക്കിയിട്ടുണ്ട്. അതിന് മേലെ നില്ക്കുന്ന ഒരു സിനിമയാണ് ഷങ്കര്‍ ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല