
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും നേർക്കുനേർ. കമല പ്രസിഡന്റ് ആയാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപ് അമേരിക്കൻ ജനങ്ങളെ വിഭജിക്കുകയാണെന്ന് കമല തിരിച്ചടിച്ചു.
‘കമലാ ഹാരിസ് ഇസ്രയേലിനെ വെറുക്കുന്നു. അവർ പ്രസിഡന്റ് ആയാൽ ഇസ്രയേൽ രണ്ടുവർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നാണ് ഞാൻ കരുതുന്നത്’- ട്രംപ് പറഞ്ഞു. എന്നാൽ ഇത് തീർത്തും തെറ്റാണെന്ന് കമല തിരിച്ചടിച്ചു. ഇസ്രയേലിനെ എപ്പോഴും പിന്തുണച്ചിരുന്നതായും കമലാ ഹാരിസ് പറഞ്ഞു.
കമല ഹാരിസിനെതിരേയുള്ള വംശീയപരാമർശത്തിൽ, ‘അവര് എന്താണ് എന്നത് ഞാൻ കാര്യമാക്കുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. വംശീയപരാമർശങ്ങളാൽ അമേരിക്കൻ ജനതയെ ഭിന്നിപ്പിച്ച് പ്രസിഡന്റ് ആകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്നായിരുന്നു ട്രംപിനെ കമല വിശേഷിപ്പിച്ചത്. ഇതൊരു ദുരന്തമാണെന്നും കമല കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് പ്രചാരണകാലത്ത് ഇരുവരും നേർക്കുനേർ സംവാദം. പെന്‍സിൽവേനിയയിലെ ഫിലാഡൽഫിയയിലുള്ള എൻ.സി.സി. സെന്ററിൽ എ.ബി.സി. ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിൽ വെച്ചായിരുന്നു വാഗ്വാദം.
ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളടക്കം കമല ആയുധമാക്കിയപ്പോൾ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ഉയർത്തി. ഗർഭഛിദ്ര നിയമങ്ങൾ, ക്യാപ്പിറ്റൽ ആക്രമണം, അഭയാർഥി ബിൽ അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ വാഗ്വാദമാണ് നടന്നത്. ‘ഏറ്റവും മികച്ച സംവാദങ്ങളിൽ ഒന്ന്’ എന്നായിരുന്നു ഇതേക്കുക്കുറിച്ച് ട്രംപ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല