1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ചെറുകിട വ്യാപരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രശസ്ത ചലച്ചിത്രതാരം കമലഹാസന്‍ രംഗത്ത്. തന്റെ ഫെയ്സ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കമല്‍ തന്റെ നയം വ്യക്തമാക്കുന്നത്. ഇത് ആദ്യമായണ് ചലച്ചിത്രരംഗത്തുള്ള പ്രമുഖതാരം പരസ്യമായി കേന്ദ്രനയത്തിനേതിരെ രംഗത്ത് വരുന്നത്. 22തീയ്യതി രാവിലെ പോസ്റ്റ് ചെയ്തിരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് പുറമേ ഇതിന്റെ ശബ്ദരേഖയും കമലഹാസന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കമലഹാസന്റെ പരസ്യനിലപാട് തുടര്‍ന്ന് ഫെയ്സ്ബുക്കിലും മറ്റും വന്‍ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാള്‍മാര്‍ട്ട് അടക്കമുള്ള കുത്തകകള്‍ സാധരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കും എന്ന് പറയുന്ന കമലാഹസന്‍ സ്വന്തം നാടായ പരമക്കൂടിയെ വച്ചാണ് തന്റെ ലേഖനം ആരംഭിക്കുന്നത്.

കമലഹാസന്‍റെ പോസ്റ്റിന്‍റെ മലയാള പരിഭാഷ

വാലില്‍ തീ
കമല്‍ഹാസന്‍

ഒരു കടുത്ത വേനല്‍ക്കാല സായാഹ്നത്തില്‍ നദീതീരത്തില്‍ പണ്ടാരോ കുഴിച്ചുവച്ചിരുന്ന ഊറ്റുകുഴിയില്‍ നോക്കി ഞാന്‍ നില്‍ക്കുകയാണ്.
കമിഴ്ന്ന് കിടന്ന് ആ കുഴിയില്‍നിന്ന് ദാഹത്തോടെ അഞ്ച് കൈ മണ്ണ് ഞാന്‍ കോരിയെടുക്കുന്നു.
മൂന്നാമത്തെ കോരലില്‍ത്തന്നെ എന്റെ പുറംകൈയില്‍ ഒരു ചെറുനവ്! ആറ്, ഏഴ്, എട്ട്..വെള്ളം എത്തിനോക്കുന്നു.
ദാഹിച്ചുവരണ്ട എന്റെ മുഖത്തെ പ്രതിബിംബിപ്പിച്ചുകൊണ്ട് എന്റെ ദാഹം ശമിപ്പിക്കുന്നു. മൂക്കിന്‍തുമ്പത്തൊട്ടിപ്പിടിച്ച നനഞ്ഞ മണലിനെയും വസ്ത്രത്തില്‍ ഒട്ടിയ ഉണങ്ങിയ മണലിനെയും തട്ടിയെറിഞ്ഞ് ഞാന്‍ എഴുന്നേല്‍ക്കുന്നു. സ്വപ്നം മുറിഞ്ഞു; എല്ലാം സ്വപ്നമായിരുന്നു. ഒരു പരമക്കുടിക്കാരനായ എന്റെ അറിവില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു സംഭവം നടക്കാന്‍ യാതൊരു സാധ്യതയുമില്ല. പരമക്കുടി കടന്ന് പോകുന്ന ആറ്റിന്‍തീരത്തിനു തിരശ്ശീല വീണിട്ട് മാമാങ്കങ്ങള്‍ പലത് കഴിഞ്ഞു. സമീപത്തുണ്ടായിരുന്ന വീടുകള്‍ പലതും കള്ളന്മാരെപ്പോലെ തങ്ങളുടെ കളം വിട്ടിറങ്ങി നദീതീരത്ത് വന്ന് പുതിയ രൂപത്തില്‍ തങ്ങളുടെ വിസര്‍ജ്യങ്ങള്‍ കലക്കാന്‍ തുടങ്ങിയിട്ടുതന്നെ ഒന്ന് രണ്ട് മാമാങ്കങ്ങളായി. പന്നികളെപ്പോലെ മനുഷ്യരായ നാമും സര്‍വാഹാരികളായി. വിസര്‍ജ്യങ്ങളും വിഷവസ്തുക്കളും നമ്മുടെ ഭക്ഷണമാക്കിക്കൊണ്ട് പ്രകൃതി നമുക്കായി ഒരുക്കിയ ഭക്ഷണത്തെ നാടുകടത്തിക്കൊണ്ടിരിക്കുകയാണ് നാമിപ്പോള്‍. ഇപ്പറഞ്ഞതിനും വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ നിറയെ തെളിവുകളോടു കൂടി വാദിക്കാന്‍ കുറെയെറെ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നു. തമിഴകത്തിന്റെ വാതില്‍പ്പടി അന്നാട്ടിലെ മുഖ്യമന്ത്രി താല്‍ക്കാലികമായി താഴിട്ട് വച്ചിരിക്കുന്നു. എന്നെപ്പോലുള്ള ആളുകളുടെ താല്‍ക്കാലികമായ നന്ദി അതിനായി തമിഴക മുഖ്യമന്ത്രിക്കുണ്ട്. ഈ നിര്‍ബന്ധബുദ്ധി അവര്‍ കൈവിടാതിരുന്നാല്‍ ഞങ്ങളുടെ നന്ദി എന്നെന്നും ഉണ്ടായിരിക്കും, അതോടൊപ്പം ഭഭാവിതലമുറയുടെ മനഃപൂര്‍വമായുള്ള നന്ദിയും. ഈ വാള്‍മാര്‍ട്ട് എന്ത് ചെയ്യുമെന്നു കരുതിയാണ് നിങ്ങള്‍ ഇത്ര ഭയക്കുന്നത് എന്നു ചോദിച്ചാല്‍ വാള്‍മാര്‍ട്ട് എന്ന അമേരിക്കന്‍ മള്‍ട്ടി ബ്രാന്‍ഡ്‍ കുത്തക പാവം ഗ്രാമീണരെയും തങ്ങളുടെ ഉപഭോക്താക്കളാക്കും. അവരറിയാതെ അവരുടെ കഴുത്തില്‍ കൈ വച്ച് തള്ളി തങ്ങളുടെ പണപ്പെട്ടിയില്‍ കാശിടീക്കും. പനനൊങ്ക് കുടിക്കുന്ന എന്നെപ്പോലുള്ള പഴയ ആളുകള്‍ക്ക് കുപ്പിയില്‍ പനനൊങ്ക് വില്‍ക്കും ഈ വാള്‍മാര്‍ട്ട്, ഒന്നും പറയാന്‍ പറ്റില്ല. മീനിനെ വാലും പാമ്പിനെ തലയും കാട്ടി മയക്കുന്ന തന്ത്രം വശമുള്ള ഇത്തരം അമേരിക്കന്‍ വ്യാപാരക്കുത്തകകള്‍ ഗ്രാമോദ്യോഗ് ഭവന്റെ ഗാന്ധിസൂക്തങ്ങളെയും അനുമതി കൂടാതെ അപഹരിക്കും. നെല്ലും കപ്പയും എന്തെന്നുപോലും അറിയാത്ത ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ പിസ്സായാണ് നമ്മുടെ പാരമ്പര്യ ഭക്ഷണം എന്നു കരുതും. കരുതിക്കൊള്ളട്ടെ, ഇതിലെന്ത് നഷ്ടം എന്നു ചിലര്‍ ചോദിക്കാം. ആലോചിച്ച് നോക്കുകയാണെങ്കില്‍ ഒരു നഷ്ടവും ഇല്ല. കമ്യൂണിസമോ ജനാധിപത്യമോ മരിച്ചാലും നെല്ലും കപ്പയും ജീവനോടെ ഇരിക്കും. റോമാ സാമ്രാജ്യം ഉണ്ടാകുന്നതിന് പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, മഹാവീരനും മുന്‍പേ നടന്ന തീര്‍ഥങ്കരര്‍ക്കും പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പേ ഈ നാട്ടിനെ പച്ച പുതപ്പിച്ച മണ്ണും മരവും മരിക്കില്ല. മനുഷ്യരെല്ലാം നശിച്ച് മണ്ണടിഞ്ഞ് ചില നൂറ് വര്‍ഷങ്ങളില്‍ മരങ്ങളെല്ലാം ഉയര്‍ത്തെണീറ്റ് കാടാകും. ആറ്റിന്‍തീരത്തെ ഇന്നത്തെ വീടെല്ലാം മണ്ണോടടിഞ്ഞ് പുതിയ കാടുപിടിച്ച നദീതീരമാകും. ഇതൊക്കെ മുന്‍പ് വീടുകളും മനുഷ്യരും നിറഞ്ഞിരുന്ന ഇടമാണെന്ന് ഓര്‍ക്കാന്‍പോലും ഒരു ജീവന്‍കൂടി ഉണ്ടാവില്ല. നാം നശിക്കും, പക്ഷേ ലോകം നശിക്കില്ല. നാം ലോകത്തിന്റെ അച്ചാണിയല്ല. കമലും ആ ചക്രത്തിന്റെ ചരിത്രപുസ്തകത്തിലെ ഒരു ചെറിയ വാക്യത്തിന്റെ അവസാനം വരുന്ന ഒരു ചെറിയ ബിന്ദുമാത്രം.

(കടപ്പാട്- ദേശാഭിമാനി)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.