സ്വന്തം ലേഖകന്‍: കേന്ദ്രം ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പെരുമാറുന്നു, ജിഎസ്ടി നിലവില്‍ വന്നാല്‍ അഭിനയം നിര്‍ത്തേണ്ടി വരും, കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍. സിനിമാ മേഖലയില്‍ ചരക്കുസേവന നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക സിനിമയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും.
ഞാന്‍ സര്‍ക്കാരിനുവേണ്ടിയല്ല ജോലി ചെയ്യുന്നത്. എന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. ഇത്തരത്തില്‍ നികുതി നടപ്പിലാക്കിയാല്‍ അത് ബുദ്ധിമുട്ടാകും. ഈ നികുതി ഭാരം താങ്ങാനാവാതെ വന്നാല്‍ സിനിമ വിടും. സര്‍ക്കാരിന് തോന്നിയ രീതിയില്‍ നികുതി പിരിക്കാന്‍ ഇതെന്താ ഈസ്റ്റ് ഇന്ത്യ കമ്പനിയാണോയെന്നും കമല്‍ഹാസന്‍ ചോദിച്ചു.
ബോളിവുഡ് സിനിമകള്‍ക്ക് 28 ശതമാനം നികുതി എന്നത് വലിയ പ്രശ്‌നമല്ല. പക്ഷേ ബോളിവുഡ് സിനിമകളുമായി പ്രാദേശിക സിനിമകളെ താരതമ്യം ചെയ്യരുത്. പ്രദേശിക സിനിമകള്‍ക്ക് ഇന്ത്യയില്‍നിന്നുളള വരുമാനം മാത്രമാണ് ഏക ആശ്രയം. ചരക്കു സേവനനികുതി 18 ശതമാനമാക്കി കുറച്ചില്ലെങ്കില്‍ പ്രാദേശിക സിനിമകള്‍ക്ക് അതിജീവിയ്ക്കാനാകില്ലെന്നും കമല്‍ പറഞ്ഞു.
നികുതി വര്‍ധനവിനെതിരെ പല താരങ്ങളും നേരത്തെ രംഗത്തു വന്നിരുന്നു. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല