സ്വന്തം ലേഖകന്‍: ‘അത് തെറ്റായിപ്പോയി’ , നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്. നോട്ട് നിരോധനത്തെ തിരക്കുപിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയതായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് നരേന്ദ്ര മോദിയെ അനുകൂലിച്ചതെന്നും തമിഴ്വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.
‘ഒരു വലിയ ക്ഷമാപണം’ എന്നു തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടും. ‘നോട്ടു നിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയാണ് അന്നു പ്രതികരിച്ചത്. വേണ്ടത്ര ആലോചിക്കാതെ പ്രധാനമന്ത്രിയെ പ്രശംസിച്ചു. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തെ നിയന്ത്രിക്കുമെന്ന് കരുതി. സാമ്പത്തിക ശാസ്ത്രം അറിയാവുന്ന ചില സുഹൃത്തുക്കള്‍ എന്റെ നിലപാടിനെ വിമര്‍ശിച്ചു. പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയപ്പോള്‍ സംശയം വര്‍ധിച്ചു,’ കമല്‍ ലേഖനത്തില്‍ പറയുന്നു.
തെറ്റുകള്‍ അംഗീകരിക്കുന്നത് മികച്ച നേതാവിന്റെ ലക്ഷണമാണെന്നും ഗാന്ധിജി ഇതു ചെയ്തിരുന്നെന്നും പ്രധാനമന്ത്രി തെറ്റുകള്‍ അംഗീകരിച്ചാല്‍ സല്യൂട്ട് ചെയ്യുമെന്നും കമല്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം താരത്തിന്റെ രാഷ്ട്രീയ പ്രവേശം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ ലേഖനം. തന്റെ 63 ആം ജന്മദിനമായ നവംബര്‍ ഏഴിന് കമല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല