സ്വന്തം ലേഖകന്‍: അഭ്യൂഹങ്ങള്‍ക്ക് ചൂടു പിടിപ്പിച്ച് കമല്‍ഹാസന്‍, അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്ച. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂര്‍ നിണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കമലിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതായി കെജ്‌രിവാള്‍ വ്യക്തമാക്കി. ഇന്ത്യ അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായി പോരാടുന്ന സമയത്ത് സമാന മനസ്‌കര്‍ യോജിക്കേണ്ടത് അത്യാവശ്യമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു.
രാജ്യത്ത് ധാരാളം പേര്‍ അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരാണ്. എന്നാല്‍ അതിനെതിരെ തുറന്ന് സംസാരിക്കാന്‍ എല്ലാവരും തയ്യാറാകുന്നില്ല. കമലിന് ആര്‍ജവവും ധൈര്യവുമുണ്ട്. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. താരവുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതായി കെജ്‌രിവാള്‍ വെളിപ്പെടുത്തി. അദ്ദേഹവുമായി ചര്‍ച്ച തുടരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെജ്‌രിവാള്‍ തന്നെ കാണാനെത്തിയത് അംഗീകാരമായി കണക്കാക്കുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അച്ഛന്റെ കാലം മുതല്‍ തന്റെ വീട് രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളുമായി എന്താണ് ചര്‍ച്ച ചെയ്തതെന്ന് ഊഹിക്കാമല്ലോ എന്ന് കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. കമലിനോടൊപ്പം ആഹാരം കഴിച്ച ശേഷമാണ് കെജ്‌രിവാള്‍ മടങ്ങിയത്. കമലിന്റെ ഇളയ മകള്‍ അക്ഷര ഹാസന്‍ നേരിട്ടെത്തിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല