ഒത്തുകളി വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളി രംഗത്ത്. 1996 ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക സെമിഫൈനല്‍ മത്സരത്തില്‍ ഒത്തുകളി നടന്നുവെന്നാണ് കാംബ്ളി വെളിപ്പെടുത്തിയിരിക്കുന്നത്. ടോസ് നേടിയാല്‍ ആദ്യം ബാറ്റു ചെയ്യണമെന്ന തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് കാംബ്ളി ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കോല്‍ക്കത്തയിലെ പിച്ചില്‍ രണ്ടാമത് ബാറ്റു ചെയ്യുന്നത് ദുഷ്കരമാണെന്നറിഞ്ഞിട്ടും നായകന് മുഹമ്മദ് അസഹ്റുദ്ദീന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് സംശയാസ്പദമാണെന്നും കാംബ്ളി വ്യക്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഇന്ത്യക്ക് 252 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു നല്‍കിയിരുന്നത്.
എന്നാല്‍ 98/1 എന്ന സുരക്ഷിത നിലയില്‍ നിന്ന് 120/8 എന്ന സ്കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതോടെ കോപാകുലരായ കാണികള്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിയുകയും പ്ളക്കാര്‍ഡുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതോടെ മത്സരം തടസ്സപ്പെടുകയും പിന്നീട് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ സമയത്ത് ഒരറ്റത്ത് ബാറ്റു ചെയ്യുകയായിരുന്ന കാംബ്ളി കരഞ്ഞുകൊണ്ട് ക്രീസ് വിടുന്ന ദൃശ്യം ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല