സ്വന്തം ലേഖകൻ: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആസ്ഥാനം താത്കാലികമായി പ്രവര്‍ത്തിക്കുന്ന പി എസ് സ്മാരകത്തിലെ പൊതുദർശനത്തിനു ശേഷമാണ് ഉച്ചയ്ക്ക് രണ്ടരയോടെ സ്വദേശമായ കോട്ടയം വാഴൂർ കാനത്തേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ വിലാപയാത്രയായി കൊണ്ടുപോയത് .
എംസി റോഡിൽ നിരവധി സ്ഥലങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാന്‍ വാഹനം നിർത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 9.30ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായിട്ടാണ് പി എസ് സ്മാരകത്തിലെത്തിച്ചത്. മന്ത്രിമാരായ കെ രാജന്, പി പ്രസാദ്, കാനത്തിന്റെ മകന് സന്ദീപ്, കൊച്ചുമക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. പിന്നാലെ ഭാര്യയും മറ്റു കുടുംബാഗങ്ങളും എത്തി. പറഞ്ഞ സമയത്തിലും വൈകി പതിനൊന്നു മണിക്ക് ശേഷമാണ് കാനത്തിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചത്.
മൃതദേഹത്തില്‍ സിപിഐ നേതാക്കള്‍ ചേര്‍ന്ന് ചെമ്പതാക പുതപ്പിച്ചു. തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. രണ്ടുമണിവരെയാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനുള്ള സമയം പറഞ്ഞിരിക്കുന്നത്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ കാനം രാജേന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എന്നിവരും ആദരം അര്‍പ്പിക്കാനായി പി എസ് സ്മാരകത്തിലെത്തി. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനായി തിരുവനന്തപുരത്തെത്തി.
നാളെ രാവിലെ വാഴൂരിലെ വീട്ടിലാണ് സംസ്കാരം. വിലാപ യാത്ര കടന്നുപോകുന്ന വഴിയില്‍ പത്തൊന്‍പത് സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സി പി ഐ അറിയിച്ചു.
പ്രമേഹ രോഗത്തെ തുടര്‍ന്ന് വലതുകാല്‍ പാദം മുറിച്ചു മാറ്റി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന് കഴിഞ്ഞദിവസം ഹൃദയാഘാതം സംഭവിച്ചത്. 2015മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്ന കാനം, ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മൂന്നുമാസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല