സ്വന്തം ലേഖകൻ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
സി.കെ.ചന്ദ്രപ്പൻ 1969 ൽ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു കാനം സിപിഐ രാഷ്ട്രീയത്തിൽ വരവ് അറിയിച്ചത്. അന്ന് വയസ്സ് 19. കേരളത്തിലെ യുവജന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരിൽ നിന്ന് നിയമസഭാംഗം.
നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. 2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി ആകുന്നത്. 2018 ൽ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിർദേശിച്ചതോടെ തർക്കത്തിനൊടുവിൽ പന്ന്യൻ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യൻ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിൻഗാമിയായി നിർദേശിച്ചത്.
തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കൊച്ചു രാജേന്ദ്രൻ വളർന്നത്. അതുകൊണ്ടു തന്നെ പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി. എഐഎസ്എഫ് 1970ൽ നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിൽ നായകനടനായിരുന്നു കാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല