സ്വന്തം ലേഖകന്‍: ഹൃത്വിക് റോഷനുമായുള്ള തന്റെ ദുരന്ത പ്രണയകഥ ദിലീപിന്റെ കേസുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ബോളിവിഡിനെ ഇളക്കി മറിച്ചതിനു പിന്നാലെയാണ് നടി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം.
ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഹൃത്വിക് ആരോപണങ്ങള്‍ നിഷേധിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഈ സാഹചര്യത്തില്‍ താനൊരുപാട് അസ്വസ്ഥയായിരുന്നെന്നും ജീവിതത്തെക്കുറിച്ച് തന്നെ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്റെ സഹോദരിയെപ്പോലും സുരക്ഷിതമായി നോക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി.
‘വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ഉദാഹരണം. മലയാളം കേസ് നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ വിഡിയോസ് പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. ഇതുപോലെ പെണ്‍കുട്ടികളെ കൊല ചെയ്ത സംഭവങ്ങള്‍ വരെ അടുത്തിടെ നടന്നു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു,’ കങ്കണ പറഞ്ഞു.
‘ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടികാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം. ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു,’ കങ്കണ പറയുന്നു.
തന്നെ മാനസിക രോഗിയാക്കിയത് ഋത്വിക് റോഷനുമായുണ്ടായിരുന്ന രഹസ്യ പ്രണയം ആണെന്നും നടി വ്യക്തമാക്കി. ‘മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. രാത്രികളില്‍ എനിക്ക് ഉറക്കമില്ലാതായി. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഞാന്‍ അയച്ച ഇമെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഗോസിപ്പ് മാഗസിനില്‍ വായിക്കുന്ന ലേഖനം പോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഋത്വിക് എന്നോട് മാപ്പു പറയണം,’ കങ്കണ തറപ്പിച്ചു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല