സ്വന്തം ലേഖകന്‍: മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്. അടുത്തിടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മണികര്‍ണികയ്ക്ക് ശേഷമുളള കങ്കണയുടെ പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള പുതിയൊരു പ്രഖ്യാപനം വന്നത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്ക് ചിത്രത്തിലാണ് നടി എത്തുന്നത്. ജയലളിതയുടെതായി ഏറെ നാള്‍മുന്‍പ് പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ തലൈവിയായി വേഷമിടുന്നത് ഏത് നടിയാണെന്ന് അന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല. വിബ്രി& കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്‍ദുരി,ഷൈലേഷ് ആര്‍ സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തലൈവി നിര്‍മ്മിക്കുന്നത്.
ഇപ്പോള്‍ ജയലളിതയായി കങ്കണ റാവത്ത് എത്തുമെന്ന് അറിഞ്ഞതോടെ എല്ലാവരിലും ആകാംക്ഷ കൂടിയിരിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എ എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവി എന്നാണ് തമിഴില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
2006ല്‍ അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നായികയായും സഹനടിയായും വില്ലന്‍ റോളുകളിലും നടി ബോളിവുഡില്‍ തിളങ്ങിയിരുന്നു. ദേശീയ പുരസ്‌കാരങ്ങളും ഫിലിം ഫെയറും അടക്കം നിരവധി അവാര്‍ഡുകളും നടി നേടി. മണികര്‍ണിക എന്ന ചിത്രത്തിലൂടെ അടുത്തിടെ നടി സംവിധായകയായും അരങ്ങേറ്റം കുറിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല