സ്വന്തം ലേഖകന്‍: ജെഎന്‍യു വിദ്യാര്‍ഥി നേതാവിന്റെ രാജ്യദ്രോഹ പ്രസംഗത്തിന്റെ വീഡിയോ വ്യാജം, രാജ്യസ്നേഹികളുടെ കള്ളത്തരം കൈയ്യോടെ പിടിച്ച് സോഷ്യല്‍ മീഡിയ. ഒപ്പം ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാര്‍ ദേശദ്രോഹിയെന്ന് ചിത്രീകരിക്കുന്ന വ്യാജ ചിത്രവും പുറത്തായി.
മുമ്പ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കനയ്യയുടെ പ്രസംഗത്തിന്റെ ശബ്ദം മോര്‍ഫ് ചെയ്താണ് വ്യാജ വീഡിയോ ചിത്രീകരിച്ചത്. കനയ്യ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും, മറ്റ് വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റുവിളിക്കുന്നതുമായിരുന്നു ഇത്. എന്നാല്‍ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു.
ഫോട്ടോഷോപ്പില്‍ ചിത്രീകരിച്ച ചിത്രം കനയ്യയെ മോശമായി ചിത്രീകരിച്ചാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ശരിയായ പകര്‍പ്പ് പുറത്തുവന്നതോടെ ഫോട്ടോഷിപ്പ് ചിത്രം വ്യാജമെന്ന് തെളിയുകയായിരുന്നു.
പുതുതായി പുറത്തുവന്ന ചിത്രത്തില്‍ കനയ്യ പ്രസംഗിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കനയ്യയുടെ പുറകിലുള്ള ഇന്ത്യയുടെ ഭൂപടത്തിലാകട്ടെ ജമ്മു കാശ്മീരിനെ പാകിസ്താന്റെ ഭാഗമായും ചിത്രീകരിച്ചിട്ടുണ്ട്. ചില അറബി വാചകങ്ങളും ഭൂപടത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ചിത്രം വ്യാജമെന്ന് കണ്ടെത്തിയവര്‍ വ്യാജ ചിത്രത്തിനൊപ്പം യഥാര്‍ത്ഥ ചിത്രങ്ങളും ചേര്‍ത്തുവെച്ച് സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ കനയ്യ കുമാര്‍ നല്കിയ ജാമ്യാപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി, അപേക്ഷ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കാന് നിര്‍ദ്ദേശിച്ചു. പട്യാല ഹൗസ് കോടതിയില്‍ ബിജെപിക്കാരായ അഭിഭാഷകര്‍ കനയ്യയേയും മാധ്യമ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാലാണ് കനയ്യ സുപ്രീം കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല