2ജി സ്പെക്ട്രം കേസില്‍ ഡിഎംകെ എംപിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ കനിമൊഴിക്കും മറ്റു നാലുപേര്‍ക്കും ജാമ്യം. ആറു മാസത്തെ തിഹാര്‍ ജയില്‍ വാസത്തിനു ശേഷമാണ് ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ടെലികോം മുന്‍ സെക്രട്ടറി സിദ്ധാര്‍ഥ് ബഹുറയ്ക്കു ജാമ്യമില്ല. കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാര്‍, സിനിമ നിര്‍മാതാവ് കിരണ്‍ മൊറാനി, കുസേക ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്റ്റര്‍ രാജീവ് അഗര്‍വാള്‍, ഡിബി റിയല്‍റ്റി ഉടമ ആസിഫ് ബല്‍വ എന്നിവരാണു മറ്റു ജാമ്യം ലഭിച്ചവര്‍. മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള സിബിഐ വാദമാണു ബഹുറയ്ക്ക് എതിരായത്.
രാജ്യം വിട്ടു പോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നീ ഉപാധികളാണു കോടതി മുന്നോട്ടുവച്ചത്. കൂടാതെ ഏതെങ്കിലും വിധത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ പ്രതികളുടെ ജാമ്യം റദ്ദാക്കും. ഇതിനായി സിബിഐക്കു സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സ്പെക്ട്രം കേസില്‍ അഞ്ചു പേര്‍ക്കു മുന്‍പു ജാമ്യം അനുവദിച്ച കാര്യം കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡിസംബര്‍ ഒന്നിനു ജാമ്യാപേക്ഷ പരിഗണിക്കാനായിരുന്നു നേരത്തേ കോടതി തീരുമാനം. എന്നാല്‍ പ്രതികള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച വാദം ആരംഭിച്ചു. അഞ്ചു പ്രതികള്‍ക്കു സുപ്രീംകോടതിയാണു നേരത്തെ ജാമ്യം അനുവദിച്ചത്.
മേയ് 20നു കസ്റ്റഡിയിലായ കനിമൊഴി അഞ്ചാം തവണയാണു ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. ആദ്യം വിചാരണ കോടതിയിലും പിന്നീടു ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. വീണ്ടും വിചാരണ കോടതിയെയും പിന്നീടു തങ്ങളുടെ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കനിമൊഴി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചു.
ഇതേത്തുടര്‍ന്നാണ് ഡിസംബര്‍ ഒന്നിന് പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് നിശ്ചയിച്ചത്. കനിമൊഴിയെ മെയ് 20-നാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കൊപ്പം ഫിബ്രവരി രണ്ടിനാണ് ബെഹൂറ അറസ്റ്റിലാവുന്നത്. ഇവര്‍ അന്നുമുതല്‍ തിഹാര്‍ ജയിലിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല