വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളക്കരയെ ആകെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കള്ളന്റെ വേഷത്തില്‍ ദിലീപും കള്ളന്റെ കാമുകിയായി കാവ്യ മാധവനും അഭിനയിച്ച മീശ മാധവന്‍.ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണാനിഷ്ട്ടപ്പെടുന്ന അതിലെ ഒരു രംഗമാണ് നായികയായ പ്രണയിനിയെ കാണാന്‍ മാധവന്‍ നായികയുടെ വീടിന്റ്‌റെ മേല്‍ക്കൂരയിലൂടെ കയറില്‍ തൂങ്ങി ഇറങ്ങുന്നത്.ഇപ്പോഴും ആ രംഗം കണ്ടു ചിലരൊക്കെ കോരിത്തരിക്കാറുണ്ട്.എന്നാല്‍ അത്തരമൊരു കള്ളന്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്കിന്നൊരു പേടി സ്വപ്നമായി മാറിയിരിക്കുന്നു.തികച്ചും വ്യത്യസ്തമായ ഒരു മോഷണ പരമ്പരയാണ് ഇക്കഴിഞ്ഞ നാളുകളില്‍ കഞ്ഞിരപ്പള്ളിയുടെ പല ഭാഗങ്ങളില്‍ അരങ്ങേറിയത്. വീടിന്റ്‌റെ മേല്‍ക്കൂര പൊളിച്ച് കയറില്‍ തൂങ്ങി ഇറങ്ങി മോഷണം നടത്തി കടന്നു കളയുന്ന രീതിയാണ് ഇനിയും പോലീസിന് പിടി കൊടുക്കാത്ത ഈ കള്ളനും പിന്തുടരുന്നത്.പ്രാദേശിക മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് കള്ളനെപറ്റി പലവിധ കഥകളും പ്രചരിപ്പിക്കുകയും കൂടി ചെയ്തതോടെ നാട്ടുകാരുടെ ഉറക്കം പോയ അവസ്ഥയാണ് ഇപ്പോള്‍.
ഈ പ്രദേശത്തെ പല ഭാഗങ്ങളിലായി ഇത്തരം മോഷണ പരമ്പരകള്‍ നടന്നതായി വിവരങ്ങള്‍ പുറത്തുവരവേ കള്ളനെ നേരിട്ട് കണ്ട അനുഭവം ഒരു കുടുംബത്തിന് ഉണ്ടായി.കാഞ്ഞിരപ്പള്ളിക്കു സമീപം ശാന്തി നഗറിലുള്ള ഒരു വീട്ടിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുലര്‍ച്ചെ രണ്ടരയോടെ സംഭവം നടന്നത്.ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കിയശേഷം എയര്‍പോര്‍ട്ടില്‍നിന്ന് അര്‍ധരാത്രിയോടെയാണ് സ്ത്രീകള്‍ അടക്കം ഉള്ള കുടുംബാംഗങ്ങള്‍ വീട്ടിലെത്തിയത്. യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലേക്ക് വഴുതി വീണ വീട്ടുകാര്‍ എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ കണ്ടതോ,മേല്‍ക്കൂര പൊളിച്ച് കയറില്‍തൂങ്ങി വീടിനകത്തേക്ക് കള്ളന്‍ ഇറങ്ങുന്നു.പേടിച്ചുവിറച്ച് മൂന്ന് സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ മുറിയില്‍ കയറി കതകടച്ചു.രണ്ടു മണിക്കൂര്‍ അടച്ച മുറിയില്‍ കഴിഞ്ഞ വീട്ടുകാര്‍ പിന്നീട് ധൈര്യം സംഭരിച്ചു പുറത്തിറങ്ങിയപ്പോഴേക്കും കള്ളന്‍ പണി പൂര്‍ത്തിയാക്കി പോയിരുന്നു.തുറന്നുകിടന്ന മുറിക്കുള്ളിലെ ബാഗിലുണ്ടായിരുന്ന 7000 രൂപ എടുത്ത മോഷ്ടാവ് പിന്‍വാതില്‍ തുറന്ന് സ്ഥലംവിട്ടു. ഭയന്നുപോയ വീട്ടുകാര്‍ നേരം പുലര്‍ന്നശേഷമാണ് സമീപത്ത് വിവരം പറയുന്നത്‌പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
ഇതിനു മുന്‍പ് ഇവരുടെ വീടിനോട് തൊട്ടടുത്ത രണ്ട് വീടുകളില്‍ ഇതേ രീതിയില്‍ മോഷണവും മറ്റു ചില വീടുകളില്‍ മോഷണശ്രമവും നടന്നു.രൂപയും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഒക്കെ ആണ് വ്യത്യസ്ഥനായ ഈ കള്ളന് താല്പ്പര്യം എന്ന് അനുഭവസ്ഥര്‍ പറയുന്നു. കവര്‍ച്ച നടത്തിയ വീടുകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും ഈ കള്ളന്‍ ഇതുവരെയും അതിനു മിനക്കെടാത്തതിനു കാരണം മുക്കുപണ്ട ഭീതിയാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.ഈ മേഖലയിലെ മിക്ക ആളുകളും ഇപ്പോള്‍ തങ്ങളുടെ സ്വര്‍ണ്ണം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ച് പകരം ഒറിജിനലിനെ വെല്ലുന്ന പൂശ് ആഭരണങ്ങളാണ് അണിയുന്നത്.ഇത്തരം മുക്ക് പണ്ടങ്ങള്‍ മോഷ്ട്ടിച്ചു സമയം വെറുതെ കളഞ്ഞ നിരവധി കള്ളന്മാര്‍ ഈ മേഖലയില്‍ ഉണ്ടെന്നുമാണ് പ്രാദേശിക വര്‍ത്തമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല