സ്വന്തം ലേഖകന്‍: രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി കനയ്യാ കുമാറിന് ജാമ്യം. ഡല്‍ഹി പോലീസിന്റെ തെളിവുകള്‍ തള്ളിയാണ് ഡല്‍ഹി ഹൈക്കോടതി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ കനയ്യാ കുമാറിന് ജാമ്യം അനുവദിച്ചത്.
ആറു മാസത്തേക്ക് ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുക ജെഎന്‍യു അധ്യാപകര്‍ കനയ്യാകുമാറിന് നല്‍കി. നിലവില്‍ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കനയ്യയെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്നാണ് സൂചന.
ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ വേളയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യാ കുമാറിനെതിരേ ചുമത്തിയിരുന്ന കുറ്റം. കനയ്യാ കുമാറിന് ജാമ്യം അനുവദിക്കരുതെന്നും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നതിന് തെളിവുണ്ടെന്നും ഡല്‍ഹി പോലീസ് വാദിച്ചിരുന്നു.
കീഴടങ്ങാന്‍ മറ്റ് രണ്ടു പ്രതികളും ഉണ്ടെന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. പോലീസ് തെളിവായി കൊണ്ടുവന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു.
ഈ വിഷയത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളും അധ്യാപകരും ഒറ്റക്കെട്ടായി പ്രതിഷേധം നടത്തിയിരുന്നു. സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു എന്ന പേരില്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയും ചെയ്തു. കൂടാതെ കനയ്യെയെ കുടുക്കിയ വ്യാജ വീഡിയോ നിര്‍മ്മിച്ചത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല