അപ്പച്ചന്‍ കണ്ണന്‍ചിറ
ലണ്ടന്‍: യു കെ യിലെ ഏറ്റവും പ്രമുഖ ജീവ കാരുണ്യ സംരംഭമായ ലണ്ടന്‍ മാരത്തോണില്‍ മലയാളിയായ കണ്ണന്‍ ഗംഗാധരന്‍ ഓടി തീര്‍ത്തത് സ്‌നേഹ പര്‍വ്വത്തിന്റെ ഉത്തുംഗത്തിലേക്ക്. തന്റെ സഹ പ്രവര്‍ത്തകയും, സംഗീതനൃത്ത മേഖലകളില്‍ അപാരമായ കഴിവും, അറിവും തെളിയിച്ച പ്രഗത്ഭയും, MBA ബിരുദക്കാരിയും, അന്തര്‍ദേശീയ തലത്തില്‍ വ്യക്തി മുദ്ര പതിപ്പിചിട്ടുമുള്ള ജപ്പാന്‍ സുന്ദരി സടൊരി ഹാമ കുടല്‍ സംബന്ധമായ രോഗത്താല്‍ ലോകത്തോട് വിടപറയുമ്പോള്‍ ലോകത്തിന്റെ മനസ്സില്‍ തട്ടിയ ഗദ്ഗദം ഇന്ന് കണ്ണനിലൂടെ പുറത്തു വരികയായിരുന്നു.
രോഗ ബാധിതയായി കടുത്ത വേദനകളെ ചെറു ചിരിയോടെ സഹനത്തിലൊതുക്കി,ബവള്‍ ക്യാന്‍സറിന്റെ പ്രതിവിധിക്കായി ഗവേഷണം നടത്തുവാന്‍ ഊര്‍ജ്ജം പകര്‍ന്നും, ഇതേ രോഗത്താല്‍ വലയുന്നവര്‍ക്ക് സാന്ത്വനവും, മനശ്ശക്തിയും പകര്‍ന്നും തന്റെ അക്ഷീണ സത്ക്കര്‍മ്മങ്ങളുടെ വിജയ സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടു 2014 ലെ ലണ്ടന്‍ മാരത്തോണ്‍ ദിനത്തില്‍ മന്ദസ്മിതയായി സംതൃപ്തിയോടെ മുപ്പത്തി നാലാം വയസ്സില്‍ കണ്ണടച്ചപ്പോള്‍ വ്യംഗമായി ഏല്‍പ്പിച്ച ദൗത്യ നിര്‍വ്വഹണത്തിന്റെ പ്രഥമ ചാരിറ്റി പ്രവര്‍ത്തനമാണ് ഇന്ന് കണ്ണനീലൂടെ വിജയം കണ്ടത്. അക്കാലത്തെ നിത്യ സന്ദര്‍ശകരും, സഹായികളും ആയിരുന്നു കണ്ണനും,ഡോ.ഓമനയുംകുടുംബവും.ലണ്ടനിലെ പ്രമുഖ ആംഗലേയ പത്രങ്ങളില്‍ പ്രത്യേകം ഹൈലൈറ്റ് ചെയ്ത ചാരിറ്റി ഓട്ടക്കാരനായി കണ്ണന്‍ എന്നതും, മാലാഖയായി സടോരി വിരിഞ്ഞതും മലയാളികള്‍ക്കു അഭിമാനമാണ് നേടിത്തന്നത്.
2012 ലെ ഒളിമ്പിക് വേദിയായ ന്യു ഹാമില്‍ ജനിച്ച കണ്ണന്‍ മിഡില്‍ സെക്‌സ്, വാര്‍വിക്ക് യുനിവേഴ്‌സിട്ടികളില്‍ നിന്നും മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള കണ്ണനെ ഇന്ന് വീണ്ടും അതെ പന്താവിലേക്ക് ഉപകരണമാക്കിയത് മുന്‍ കര്‍മ്മങ്ങള്‍ കൊണ്ട് തന്ന്‌നെയാവാം എന്നു തീര്‍ച്ച. ഗ്രാജുവേഷനില്‍ വാലിഡേഷന്‍ അവസരം വരെ നല്‍കപ്പെട്ട ഉന്നത പഠന റിക്കോര്‍ഡും കണ്ണനുണ്ട്. ലണ്ടനിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ഹ്യുമന്‍ റിസോര്‍സ് ഡയരക്റ്റരായി സേവനം അനുഷ്ടിക്കുന്ന ഈ കാരുണ്യ സ്‌നേഹി പക്ഷെ കായികതലത്തില്‍ കാര്യമായി ഒന്നും നേടാത്ത വ്യക്തിയാണ് എന്നതു അദ്ദേഹത്തിന്റെ മാരത്തോണ്‍ ഓട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
ലണ്ടനിലെ ന്യുഹാം മുന് സിവിക് അംബാസഡറും,പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യജീവ കാരുണ്യ പ്രവര്‍ത്തകയും ആയ ഡോ. ഓമന ഗംഗാധരന്റെയും,മുന്‍ ബ്രിട്ടണ്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യുണിയന്‍ സീനിയര്‍ ഷോപ്പ് സ്റ്റുവാര്‍ഡ്, സിംഗപ്പൂരില്‍ മുന്‍ റോയല്‍ എയര്‍ ഫോഴ്‌സ്, ലണ്ടന്‍ ടെലിഫോണ്‍ കേബിള്‍ എന്നിവയില്‍ ഉദ്യോഗസ്ഥനും ആയിരുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഗംഗാധരന്‍
എന്നിവരുടെ മകനായ കണ്ണന്‍ പാരമ്പര്യ സാമൂഹ്യ പ്രതിബദ്ധതയുടെ പിന്തുടര്‍ച്ചക്കാരന്‍ ആയി എന്നു തന്നെ പറയുന്നതില്‍ തെറ്റില്ല. തന്റെ സഹോദരി കാര്‍ത്തിക സൂരജ് ഇതേ ജീവ കാരുണ്യ നിധിയിലേക്ക് ‘ടെയിസ്റ്റ് എ കേക്ക്’ ലൂടെ റോങ്ങ്‌ഫോര്‍ഡ് ലൈബ്രറി ഹാളില്‍ സ്വരൂപിച്ചത് 2000ല്‍ പരം പൌണ്ടാണ്. ഇതും മാദ്ധ്യമങ്ങള്‍ ഏറെ പ്രശംസിച്ച നേട്ടം ആയിരുന്നു.
ന്യൂയോര്‍ക്കിലെ മാരത്തോണില്‍ ആകൃഷ്ടരായവര്‍ അത്തരം ഒരു ഇവന്റ് ലണ്ടനിലും സംഘടിപ്പിച്ചു മനുഷ്യ ഓട്ടത്തിലൂടെ ഒരുമിച്ചു അദ്ധ്വാനിച്ചു, ഒരുമിച്ചു ചിരിച്ചു, കായിക ക്ഷമതയും, ശാരീരിക വ്യത്യാസവും, പ്രായവും,സ്ത്രീ പുരുഷ വേര്‍തിരിവ്വില്ലാതെ അപ്രാപ്യത്തെ ഒരുമിച്ചു കീഴടക്കി അതിലൊരു ചാരിറ്റി സുമനസ്സ് എന്ന ആശയം ദി ഒബ്‌സെര്‍വര്‍ വഴി പ്രചരിപ്പിച്ചു. ‘ഗില്ലെറ്റിന്റെ’ 50,000 പൌണ്ടിന്റെ ചാരിട്ടിയോടെ 1981 ല്‍ മാര്‍ച്ച് 29 ന് മുന് ഒളിമ്പിക് ചാമ്പ്യനും ജെര്‍ണലിസ്ടുമായ ക്രിസ് ബ്രഷെര്‍,കായിക താരം ജോണ്‍ ടിസ്ലേ എന്നിവരുടെ ശ്രമപലമായി തുടക്കം കുറിച്ചതാണ് ലണ്ടന്‍ മാരത്തോണ്‍.1909 ല്‍ തുടക്കം കുറിച്ച ലണ്ടന്‍ പൊളിടെക്‌നിക് മാരത്തോണ്‍ ആണ് ആദ്യത്തെ മാരത്തോണ്‍ സംരംഭം.
ലോകത്തിന്റെ കേന്ദ്ര ബിന്ദു എന്ന് വിഖ്യാതമായ ഗ്രീനിച്ചില്‍ നിന്നും (ലോക സമയം നിയന്ത്രിക്കുന്ന) പുറപ്പെട്ടു ലണ്ടന്റെ അഭിമാനമായ ടവര്‍ ബ്രിഡ്ജ്, ഏറെ പ്രശസ്തവും, സാംസ്‌കാരിക നീലിമ തഴുകി ഒഴുകുന്ന തെംസ് നദി തിരത്തിലൂടെ നീങ്ങി, സിറ്റി ഓഫ് ലണ്ടനിലൂടെ ഓടി പാര്‍ലിമെന്റ് ഹൗസിന്റെ മുന്നിലൂടെ ബ്രിട്ടണ്‍ അധിനിവേശങ്ങളുടെ ആലങ്കാരിക പ്രൗഡി പ്രഘോഷിക്കുന്ന അധികാര വേദിയായ ബാക്കിങ്ങാം പാലസിന് മുന്നിലൂടെ ഗ്രീന്‍ പാര്‍ക്കില്‍ എത്തി 26.2 മൈല്‍ താണ്ടിയ അഭിമാന പുഞ്ചിരി കണ്ണന്റെ മിഴികളില്‍ നിറ ശോഭ പരത്തുമ്പോള്‍ എത്രയോ രോഗികള്ക്ക് ആയുസ്സിനു ദൈര്ഗ്യം നല്‍കുവാന്‍ കഴിയേണ്ട അനുഗ്രഹ സാഫല്യം ആവട്ടെ അത് എന്നു നമുക്ക് പ്രാര്‍ത്തിക്കാം.
കണ്ണന്‍ ഗംഗാധരന്റെ സ്‌പോണ്‍സറായ പ്രമുഖ ബിസിനെസ്സ് ശ്രുംഗല വിര്‍ജിന്‍ മണിയാണ് ലണ്ടന്‍വിര്‍ജിന്‍ മാരത്തോണിന്റെ മുഖ്യ സ്‌പോണ്‌സര്‍.40,000 ല്‍ പരം ഓട്ടക്കാര്‍ പങ്കെടുത്ത 2015 ലെ ലണ്ടന്‍ മാരത്തോണ്‍ കാലാവസ്ഥ അനുകൂലമല്ലാഞ്ഞിട്ടും അതിന്റെ നിറ ശോഭ നിലനിര്‍ത്തുവാന്‍ കഴിഞ്ഞത് കോടിക്കണക്കിനു വരുന്ന ദൃക്‌സാക്ഷികളും ടീ വീ മാദ്ധ്യമ വീക്ഷകരും,സ്‌പോണ്‍സേഴ്‌സും നന്മയുടെ നേര്‍ സാക്ഷികളായി.ഏവരുടെയും മനസ്സില്‍ ഉള്ള ചേതോപഹാരത്തിന്റെ നനവുകള്‍ സാന്ത്വന അരുവിയായി ഒഴുക്കുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് മാത്രമാണ് തനിക്കുള്ള ആഗ്രഹം എന്ന് കണ്ണന്‍ മനസ്സു തുറക്കുമ്പോള്‍ അത് നമ്മോടുള്ള സന്ദേശമായി പടരട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല