സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര വിമാന കമ്പനികള്‍; ഒപ്പം ആറ് ആഭ്യന്തര വിമാന കമ്പനികളും സര്‍വീസിന് സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി. വിമാനത്താവള കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള ലൈസന്‍സ് ഉടന്‍ ലഭിക്കും. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികള്‍ ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്.
റണ്‍വേയുടെ നീളം 3050 മീറ്ററില്‍നിന്ന് 4000 മീറ്ററാക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂര്‍ വിമാനത്താവളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇമിഗ്രേഷന്റെ ചുമതല താത്കാലികാടിസ്ഥാനത്തില്‍ കേരള പോലീസിനായിരിക്കും. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സേവനങ്ങള്‍ക്കായി എയര്‍ഇന്ത്യ സര്‍വീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഡല്‍ഹിയെയുമാണ് നിയോഗിച്ചിരിക്കുന്നത്.
സുരക്ഷയ്ക്കായി 613 പേരെ ഒക്ടോബര്‍ ഒന്നുമുതല്‍ സി.ഐ.എസ്.എഫ്. നിയോഗിക്കും. ഇന്റര്‍നാഷണല്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ്, നാലുനിലയിലുള്ള എയര്‍പോര്‍ട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സി.ഐ.എസ്.എഫ്. പാര്‍പ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേര്‍ന്ന് 23 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിര്‍മാണ ജോലികള്‍, വിമാനത്താവള പരിസരം മോടിപിടിപ്പിക്കാനാവശ്യമായവ ഉള്‍പ്പെടെയുള്ള 113 കോടി രൂപയുടെ ജോലികള്‍ മോണ്ടി കാര്‍ലോ ലിമിറ്റഡ് കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല