സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു സർവിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സർവിസ്. തിങ്കളാഴ്ചകളിൽ പുലർച്ച 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയിൽ രണ്ടു സർവിസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസമാകും.
അതേസമയം, നവംബർ മുതൽ കോഴിക്കോട് സർവിസിൽ ദിവസങ്ങളിൽ മാറ്റം വരും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കുവൈത്ത് സർവിസ് ഉണ്ടാകില്ല. ചൊവ്വ, ശനി ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സർവിസ്.
പത്തുമാസത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം പൂർണമായും 28-ന് ഇല്ലാതാകുകയാണ്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം.
റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒടുവിൽ റൺവേയിലെ പകൽനിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതുവരെ വിമാനക്കമ്പനികൾ സർവീസ് സമയം പരിഷ്കരിച്ചിരുന്നില്ല. 28-ന് ശൈത്യകാല ഷെഡ്യൂൾ നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ അലിഖിത നിയന്ത്രണങ്ങളും ഇല്ലാതാകും.
ജനുവരിയിൽ റീ കാർപെറ്റിങ് പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി 11 മാസത്തേക്കായിരുന്നു റൺവേയിൽ പകൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്. റീ കാർപെറ്റിങ്ങിനൊപ്പം സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ നടപ്പാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല