സ്വന്തം ലേഖകൻ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി.
ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.
രാജ്യത്തെ മറ്റുപല വിമാനത്താവളങ്ങളെപ്പോലെ ആഭ്യന്തര സർവീസുകൾ നടത്തി ഏറെക്കാലത്തിനു ശേഷമല്ല, കണ്ണൂരിന് രാജ്യാന്തര വിമാനമിറങ്ങാൻ അനുമതി ലഭിച്ചത്. ആദ്യ സർവീസ് തന്നെ രാജ്യാന്തര സർവീസായിരുന്നു. അബുദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്.
കണ്ണൂരിനെ ഹബ് ആയി പ്രഖ്യാപിച്ച് ഗോ എയറും (ഇപ്പോൾ ഗോ ഫസ്റ്റ്) ഉഡാൻ ഉൾപ്പെടെ രാജ്യത്തെ ഒട്ടേറെ നഗരങ്ങളിലേക്ക് സർവീസുകളുമായി ഇൻഡിഗോയും തുടക്കത്തിലേ സജീവമായി. വൈകാതെ എയർ ഇന്ത്യയും സർവീസ് ആരംഭിച്ചു. ഇരുപതോളം വിദേശ വിമാനക്കമ്പനികളും രാജ്യത്തെ സ്പൈസ് ജെറ്റ്, ജെറ്റ് എയർവെയ്സ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയും കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഒരു കാലം!
ഗോ ഫസ്റ്റ് എയർലൈൻ സർവീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളാൻ തുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. അബുദാബി, കുവൈത്ത്, ദുബായ്, ദമാം, മസ്കത്ത് എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകളും, മുംബൈയിലേക്കും തിരികെയുമുള്ള ആഭ്യന്തര സർവീസും ഉൾപ്പെടെ പ്രതിദിനം 8 സർവീസുകളാണ് ഗോ ഫസ്റ്റ് കണ്ണൂർ വഴി നടത്തിയിരുന്നത്. കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് കണ്ണൂരിൽ നിന്നു സർവീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റ് ആയിരുന്നു. സർവീസ് നിലച്ചാതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് സംഭവിച്ചത്.
വിദേശ വിമാന കമ്പനികൾക്ക് അനുമതി ഇല്ലാത്തതിനാൽ ഗോ ഫസ്റ്റിനു പുറമേ ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് കണ്ണൂരിൽ നിന്നു സർവീസ് നടത്തുന്നത്. എയർ ഇന്ത്യ നേരത്തെ സർവീസ് നടത്തിയിരുന്നെങ്കിലും നിർത്തി.
ദുബായ്, അബുദാബി, മസ്കത്ത് റൂട്ടുകളിൽ ഗോ ഫസ്റ്റ് കൂടി സർവീസ് നടത്തിയിരുന്നതു കാരണമാണ് നിരക്കിൽ നേരിയ ആശ്വാസം ലഭിച്ചിരുന്നത്. കണ്ണൂരിനും മുംബൈയ്ക്കും ഇടയിലെ ഏക സർവീസായിരുന്നു ഗോ ഫസ്റ്റിന്റേത്. എയർ ഇന്ത്യ ഡൽഹി സർവീസ് നിർത്തിയതിനാൽ പലരും മുംബൈ വഴിയാണ് ഡൽഹിക്ക് പോകുന്നത്. ഇതും കനത്ത തിരിച്ചടിയായി. ജൂലൈ ഒന്നു മുതൽ ഇൻഡിഗോ മുംബൈ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചതു മാത്രമാണ് നേരിയ ആശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല