സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കരിപ്പൂരിനും വേണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കരിപ്പൂര്‍ വിമാനത്താവളത്തിനും വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടങ്ങാന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എംപി മാരടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ച് നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂരിന്റെ നികുതി 28 ശതമാനത്തില്‍ തുടരുകയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ സാമ്പത്തികമായി ബാധിക്കുമെന്ന് ജനപ്രതിനിധികള്‍ നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും എം കെ രാഘവന്‍ എം പി നിരാഹാര സമരവും നടത്തിയിരുന്നു.
വിഷയം നിയമസഭയില്‍ ഉന്നയിക്കാനും ആവശ്യമെങ്കില്‍ മുഖ്യമന്തിയെ വീണ്ടും കാണാനും യോഗം തീരുമാനിച്ചതായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അടുത്ത മാസം ഒമ്പതിന് കരിപ്പൂരില്‍ ജനപ്രതിനിധികള്‍ സത്യഗ്രഹമിരിക്കും. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. എം.കെ.രാഘവന്‍ എം പി, എം.എല്‍.എമാരായ എം.കെ.മുനീര്‍, പാറക്കല്‍ അബ്ദുള്ള, മഞ്ഞളാംകുഴി അലി, അബ്ദുള്‍ ഹമീദ്, ടി.വി.ഇബ്രാഹിം അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
പൊതുസ്വകാര്യ മേഖലയിലുള്ള കണ്ണൂരിന് നല്‍കിയ ഇളവ് കരിപ്പൂര്‍ വിമാനത്താവളത്തെ വലിയ രീതിയിലാണ് ബാധിക്കുക. ഇന്ധന നികുതി കുറച്ചതോടെ കരിപ്പൂരില്‍നിന്നുള്ള ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരിലേക്ക് മാറി. കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരില്‍നിന്ന് തുടങ്ങിയത് കരിപ്പൂരിന് തിരിച്ചടിയായി. മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളം സജ്ജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി.
നികുതിയിളവ് തുടര്‍ന്നാല്‍ കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരിലേക്ക് മാറ്റിയേക്കും. ഇന്ധന നികുതി കുറയുന്നതോടെ വിമാനടിക്കറ്റ് നിരക്ക് കൂടി കുറഞ്ഞാല്‍ യാത്രക്കായി സാധാരണക്കാര്‍ കണ്ണൂരിനെ തെരഞ്ഞെടുക്കും. യാത്ര ചെലവിന്റെ 70 ശതമാനവും ഇന്ധനത്തിന് ഉപയോഗിക്കുമ്പോള്‍ 27 ശതമാനം ലാഭം വിമാനക്കമ്പനികളെ കണ്ണൂരിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല