സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസ് സൗകര്യമൊരുക്കുന്നു. ടർക്കിഷ് എയർലൈൻസുമായുള്ള കോഡ് ഷെയറിങ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽനിന്ന് കണക്ഷൻ വിമാനങ്ങൾ വഴിയാണ് യാത്ര സാധ്യമാകുക.
39 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് കണ്ണൂരിൽനിന്ന് യാത്രചെയ്യാനാകും. എന്നാൽ കണ്ണൂരിന് കോഡ് ഷെയറിങ് അനുമതിയില്ലാത്തതിനാൽ അനുമതിയുള്ള വിമാനത്താവളങ്ങൾ വഴി മാത്രമാണ് യാത്ര ചെയ്യാനാകുക. അതിനാൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് രണ്ട് വിമാനത്താവളങ്ങളിൽ ഇറങ്ങി കാത്തിരിപ്പും (ലേ ഓവർ) ഒരുദിവസത്തിലധികം സമയവും വേണ്ടിവരും.
ഇൻഡിഗോയുടെ ഹബ്ബായ മുംബൈയിലേക്ക് കണ്ണൂരിൽനിന്ന് സർവീസുകൾ തുടങ്ങിയതോടെയാണ് കണക്ഷൻ വിമാനങ്ങൾ വഴി വിദേശയാത്രയ്ക്ക് വഴിയൊരുങ്ങിയത്. മുംബൈയിലും ടർക്കിഷ് എയർലൈൻസിന്റെ ഹബ്ബായ ഈസ്താംബൂളിലുമാണ് ലേ ഓവർ വേണ്ടിവരുന്നത്.
ഇൻഡിഗോയ്ക്ക് സർവീസുള്ള അയൽരാജ്യങ്ങളിലേക്ക് പോകാൻ ഒരിടത്ത് ലേ ഓവർ മതിയാകും. കൊളംബോ, മലി എന്നിവിടങ്ങളിലേക്ക് ബെംഗളൂരു വഴി ആറുമണിക്കൂർകൊണ്ട് എത്താനാകും. ലണ്ടൻ യാത്രയ്ക്ക് രണ്ടു വിമാനത്താവളങ്ങളിൽ ലേ ഓവറും ഒരുദിവസവും മൂന്നരമണിക്കൂറും സമയവും വേണം. കോഡ് ഷെയറിങ്ങിന് അനുമതി ലഭിച്ചാൽ കണ്ണൂരിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികൾക്ക് നേരിട്ട് ടിക്കറ്റുകൾ നൽകാനാകും.
സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോഫസ്റ്റ് എയർലൈൻസിന്റെ ശ്രമങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കണ്ണൂർ വിമാനത്താവളം. അടുത്ത മാസത്തോടെ കണ്ണൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽനിന്ന് സർവീസുകൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോഫസ്റ്റ് സർവീസുകൾ നിർത്തിയത് വലിയ പ്രതിസന്ധിയാണ് കിയാലിന് സൃഷ്ടിച്ചത്. ഗോഫസ്റ്റ് സർവീസ് അവസാനിപ്പിച്ച മേയിൽ 25,270 യാത്രക്കാരുടെ കുറവാണ് കണ്ണൂർ വിമാനത്താവളത്തിലുണ്ടായത് .
സർവീസുകൾ പുനരാരംഭിക്കുന്നതിന് ഗോഫസ്റ്റ് സമർപ്പിച്ച പദ്ധതിക്ക് ഡി.ജി.സി.എ. അംഗീകാരം നൽകിയിരുന്നു. സർവീസുകൾ തുടങ്ങുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ കമ്പനി. 600 മുതൽ 700 കോടി രൂപവരെ സമാഹരിച്ചശേഷം ഏതാനും സർവീസുകൾ പുനരാരംഭിക്കാനാണ് നീക്കം. ഈ മാസം ആഭ്യന്തര സർവീസുകളും സെപ്റ്റംബറിൽ അന്താരാഷ്ട്ര സർവീസുകളും തുടങ്ങാനാണ് ശ്രമം. ഷെഡ്യൂളിന് ഡി.ജി.സി.എ.യുടെ അംഗീകാരം ലഭിച്ചാലേ ബുക്കിങ് തുടങ്ങാനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല