1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2023

സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്‌ കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തും. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് കണ്ണൂരിൽനിന്ന് ആഭ്യന്തര സർവീസ് വിപുലപ്പെടുത്താനും തീരുമാനിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

നവംബർ 15 മുതൽ ദിവസവും ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കൊത്ത സർവീസുകളും. മാലിദ്വീപ്, സിംഗപ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പരിഗണിക്കും. വടക്കേ മലബാറിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുന്നതിന് പാൻ ഇന്ത്യ ശ്രംഖലയിൽ ആവശ്യമായ സഹായം നൽകുമെന്നും എയർ ഇന്ത്യ എക്സ്‌പ്രസ്‌.

അടുത്തുതന്നെ എയർ ഇന്ത്യ എക്സ്‌പ്രസ്‌ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുവാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ അതിന്റെ പരമാവധി സർവീസ് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട്‌ ലഭിക്കുവാൻ വേണ്ട സാഹചര്യം ഒരുക്കുന്നത് സംബന്ധിച്ചാണ് എയർ ഇന്ത്യ ഉദ്യാഗസ്ഥരുമായി മുഖാമുഖം സംഘടിപ്പിച്ചത്. കണ്ണൂർ, കാസർകോട്, വയനാട്, കുടക് ജില്ലകളിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ, ഹോം സ്റ്റേ, മറ്റ് സൗകര്യങ്ങൾ എന്നിവ അവർക്കുമുന്നിൽ അവതരിപ്പിച്ചു.

ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രവീൺ കുമാർ (എയർ ഇന്ത്യ എക്സ്പ്രസ് ഹെഡ് ഓഫ് സെയിൽസ്, ദക്ഷിണേന്ത്യ), സായികുമാർ (എയർ ഇന്ത്യ എക്സ്പ്രസ് ഹെഡ് ഓഫ് സെയിൽസ്, ആന്ധ്രപ്രദേശ്, കേരള), റോൺ ജോർജ് (എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് മാനേജർ, കേരള), വി.ജി.ഗിരീഷ്, അനൂപ് ഗണേഷ്, കിയാൽ എം.ഡി. സി.ദിനേശ് കുമാർ, ചേംബർ വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത്, കെ.കെ.പ്രദീപ്, ഇ.കെ.അജിത്ത്കുമാർ, ദിനേശ് ആലിങ്കൽ, വിനോദ് നാരായൺ, സി.വി.ദീപക് എന്നിവർ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.