സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിന് ഉടൻ പോയന്റ് ഓഫ് കാൾ പരിഗണന ലഭിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കണ്ണൂർ യാത്രക്കാർക്ക് ഏറെ പ്രതീക്ഷയേകുന്നു. കണ്ണൂർ വിമാനത്താവള ഭരണ സമിതിയായ കിയാലിന്റെ 15ാമത് സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനകമ്പനികൾക്ക് പറക്കാൻ അനുമതി നൽകുന്ന ‘പോയന്റ് ഓഫ് കാൾ’ പദവി ഉടൻ ലഭിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വിഷയം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രിയെ കാണാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. അതിനാൽ സിവിൽ ഏവിയേഷൻ മന്ത്രിയെ ഉടൻ കാണുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച വിമാനത്താവളങ്ങളിയലൊന്നായ കണ്ണൂരിലേക്ക് വിദേശ വിമാനകമ്പനികൾക്ക് പറക്കാൻ അവസരം ഒരുക്കുന്നത് കൂടുതൽ വിദേശ വിമാനകമ്പനികൾ സർവിസ് ആരംഭിക്കാനും സഹായകമാവും.
‘പോയന്റ് ഓഫ് കാൾ’ പദവി നൽകണമെന്നും വിദേശ വിമാനകമ്പനികൾക്ക് കണ്ണൂരിൽ നിന്ന് പറന്നുയരാൻ അനുവാദം നൽകണമെന്നും കണ്ണൂരുകാർ ദീർഘകാലമായി ആവശ്യപ്പെട്ട് വരുകയായിരുന്നു. ഇതിനായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. ഇതിനായി മട്ടന്നൂരിൽ പ്രത്യേക യോഗം ചേരാൻ കണ്ണൂർ വിമാനത്താവളയാത്രക്കാർ തീരുമാനിച്ചെങ്കിലും അത് നടന്നിരുന്നില്ല.
എങ്കിലും ‘പോയന്റ് ഓഫ് കാൾ’ പദവി ലഭിക്കാൻ സമര പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നൽകുന്ന പ്രസ്താവനയുണ്ടായത്. ഏറെ സൗകര്യത്തോടെയും സാങ്കേതിക മികവോടെയും നിർമിച്ച വിമാനത്താവളമായിട്ടും കണ്ണൂർ വിമാനത്താവളം നേരിടുന്ന കനത്ത അവഗണന പ്രതികൂലമായി ബാധിച്ചിരുന്നു.
നേരത്തേ ഗോഫസ്റ്റ് അടക്കമുള്ള കമ്പനികൾ കൃത്യമായി സർവിസ് നടത്തിയ കാലത്ത് നിരവധി യാത്രക്കാരാണ് കണ്ണൂരിനെ ആശ്രയിച്ചിരുന്നത്. എന്നാൽ, ഇത്തരം വിമാന സർവിസുകൾ നിലച്ചതോടെ കണ്ണൂരിന്റെ ശനിദശ ആരംഭിക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ കണ്ണൂരിനെ കൈയൊഴിയാൻ തുടങ്ങി.
എന്നാൽ, വിദേശ വിമാനകമ്പനികൾ പറക്കാൻ ആരംഭിക്കുന്നതോടെ കണ്ണൂർ വിമാനത്താവളം വീണ്ടും സജീവമാവും. നിരവധി ഗൾഫ് രാജ്യങ്ങളിൽനിന്ന് വിദേശ വിമാനകമ്പനികൾ കണ്ണൂരിലേക്ക് പറക്കാൻ തയാറെടുക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷിതത്വവും മറ്റു ആധുനിക സൗകര്യങ്ങളുമാണ് വിമാനകമ്പനികളെ ആകർഷിക്കുന്നത്. ഒമാനിൽനിന്ന് സലാം എയർ അടക്കമുള്ള വിമാനകമ്പനികൾ കണ്ണൂരിലേക്ക് പറക്കാൻ ശ്രമിക്കുന്നതായാണ് അറിയുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നതോടെ കണ്ണൂർ, കാസർകോട് അടക്കമുള്ള ജില്ലകളിലെ വിമാന യാത്രക്കാരുടെ യാത്രാ പ്രയാസം കുറയും. ഈ മേഖലയിലുള്ളവരുടെ അടുത്ത ആശ്രയം കോഴിക്കോടാണ്. കോഴിക്കോട് വിമാനത്താവളത്തിലെത്താൻ ഈ മേഖലയിലുള്ളവർ ഏറെ മണിക്കൂറുകളാണ് യാത്ര ചെയ്യേണ്ടത്.
റോഡിൽ അനുഭവപ്പെടുന്ന വൻതിരക്ക് കാരണം സമയത്ത് വിമാനത്താവളത്തിലെത്താൻ കഴിയാതെ യാത്ര മുടങ്ങുന്നവരും നിരവധിയാണ്. കൂടുതൽ വിമാനകമ്പനികൾ വരുന്നതോടെ കണ്ണൂർ, കാസർകോട്, കോഴിക്കോട്, കർണാടക അതിർത്തി ഗ്രാമം എന്നിവിടങ്ങളിലെ യാത്രക്കാർക്ക് വലിയ അനുഗ്രഹമാവും. ഏതായാലും മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ണൂർകാർക്ക് ഏറെ സന്തോഷം പകരുന്നുണ്ടെങ്കിലും ഇത് രാഷ്ട്രീയക്കാറിന്റെ വെറും വാഗ്ദാനമാവരുതെന്ന പ്രാർഥനയിലാണ് കണ്ണൂർ പ്രവാസികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല