റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖനെ ഇല്ലാതാക്കാന്‍ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് നിര്‍ദേശം നല്‍കിയത് കണ്ണൂരിലെ ഒരു ഉന്നത നേതാവാണെന്ന് മൊഴി.
തിങ്കളാഴ്ച അറസ്റ്റിലായ പാനൂര്‍ ചെണ്ടയാട്ടെ കല്ലുവളപ്പില്‍ എം.സി. അനൂപാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞനന്തനാണ് ടി.കെ. രജീഷിനെ ഇതിനായി മുംബൈയില്‍ നിന്ന് വിളിച്ച് വരുത്തിയത്. ”ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് വലിയ ശല്യമാണ്, ഇനിയും അയാള്‍ ജീവിച്ചിരുന്നാല്‍ നമുക്കവിടെ പിടിച്ച് നില്‍ക്കാനാവില്ല”- എന്നാണ് കുഞ്ഞനന്തന്‍ പറഞ്ഞതെന്നും അനൂപ് വെളിപ്പെടുത്തി.
2009-ലെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന വധശ്രമത്തില്‍ അനൂപും രജീഷുമെല്ലാം പങ്കാളിയായിരുന്നു. അന്ന് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചു. 2012-ല്‍ ആലോചന വീണ്ടും സജീവമായതോടെ ഏപ്രിലിലാണ് കുഞ്ഞനന്തന്‍ രജീഷിനെ വീണ്ടും വിളിക്കുന്നത്. കുഞ്ഞനന്തനാണ് കൊലയാളിസംഘത്തെ ഏകോപിപ്പിച്ചതെന്നും അനൂപിന്റെ മൊഴിയിലുണ്ട്.
ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ഒരു ഉന്നതനുണ്ടെന്ന് നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷേ, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ മൊഴി നല്‍കിയതോടെ ഇക്കാര്യത്തില്‍ കുറച്ചുകൂടി ശക്തമായ തെളിവായി.
അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്ളൂര്‍ സ്വദേശി വായപ്പടച്ചി റഫീഖിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ചൊക്ലി സ്വദേശികളായ നാവുള്ളോന്‍ മീത്തല്‍ ഷാജു (37), ചാത്തോത്ത്കണ്ടി സുരേഷ് (34), പാച്ചാലിപ്പറമ്പത്ത് ഷോബി (31), ദേവഗിരിയില്‍ രജീഷ് (35), പള്ളൂരിലെ വി.കെ. ഹൗസില്‍ അശ്വന്ത് (20) എന്നിവരെയും അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ എടുത്തു കൊടുത്ത റഫീഖിന്റെ അറസ്റ്റ് ചൊവ്വാഴ്ച വൈകിട്ടാണ് രേഖപ്പെടുത്തിയത്.
കാറിനുമുകളില്‍ ‘മാശാ അല്ല’ എന്ന അറബി വാചകം എഴൂതി നല്‍കിയത് അറസ്റ്റിലായ അശ്വന്താണ്. കൊടിസുനിയുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിനാണ് മറ്റു നാലു പേരും അറസ്റ്റിലായത്. ഇന്നോവ കാറിലെ രക്തം പുരണ്ട ചവിട്ടിപ്പായയും കൊലയാളിസംഘത്തിന്റെ വസ്ത്രങ്ങളും കത്തിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു. റഫീക്കൊഴികെ മറ്റ് അഞ്ചു പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
തിങ്കളാഴ്ച അറസ്റ്റിലായ അനൂപിനെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എം. ഷുഹൈബ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ അനൂപിനെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. റിമാന്‍ഡില്‍ കഴിയുന്ന പാട്യം തുണ്ടക്കണ്ടിയില്‍ ടി.കെ. രജീഷിനെയും ജൂണ്‍ 20-വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രജീഷിന്റെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞദിവസം നടത്തിയിരുന്നു.
തന്നെ പോലീസ് മര്‍ദിച്ചതായി ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രജീഷ് പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേട്ട് വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ടു. പോലീസ് ജില്ലാ ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ പരിക്കുകളൊന്നുമില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കോടതി രജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അനൂപിനെ കോടതിയില്‍ ഹാജരാക്കിയത്. മുഖംമൂടി അണിയിച്ചതിനാല്‍ തന്റെ ചേംബറില്‍ ഹാജരാക്കാന്‍ മജിസട്രേട്ട് നിര്‍ദേശം നല്‍കി. തിരിച്ചറിയല്‍ പരേഡിനുശേഷം അനൂപിനെ വിട്ടുകിട്ടാന്‍ പോലീസ് ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്നെയും അഭിഭാഷകനെയും രജീഷിനെ കാണാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്റെ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂ എന്നും ആവശ്യപ്പെട്ട് രജീഷിന്റെ അമ്മ വിലാസിനി സമര്‍പ്പിച്ച ഹര്‍ജികള്‍ 19-നു കോടതി പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല