സ്വന്തം ലേഖകൻ: പാനൂരിൽ ഫാർമസി ജീവനക്കാരിയായ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാം ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ഇയാളെന്നും പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി.
പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്താനുണ്ടായ കാരണം.ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന അയൽവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്യാജിത്തിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടുന്നത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൽ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23 ) ആണ് കൊല്ലപ്പെട്ടത്.
വീട്ടിലുള്ളവർ സമീപത്തെ മരണവീട്ടിൽ പോയപ്പോഴാണ് കൊലപാതകം നടന്നത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിന് ശേഷം തറവാട്ടു വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റു വീട്ടിലെത്തിയതായിരുന്നു യുവതി. തിരിച്ചുവരാതിരുന്നപ്പോൾ കുടുംബാഗംങ്ങൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കാണപ്പെട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല