സ്വന്തം ലേഖകന്‍: കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പും തുടര്‍ന്ന് ബോംബ്സ്ഫോടനവും ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കോണ്‍സുലേറ്റിലേക്ക് പാഞ്ഞു കയറാന്‍ ശ്രമിച്ച 3 ചാവേറുകളെ ചെറുക്കുന്നതിനിടെ 2 പൊലീസുകാരും ചൈനക്കാരനായ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 4 പേര് കൊല്ലപ്പെടുകയായിരുന്നു. ചാവേറുകളെ ഭടന്മാര് വെടിവച്ചുവീഴ്ത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അറിയിച്ചു. മരുന്നും ഭക്ഷണവും വന്ആയുധങ്ങളുമായി എത്തിയ ചാവേറുകള്‍ കോണ്‍സുലേറ്റിലുള്ളവരെ ബന്ദികളാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി സംശയിക്കുന്നു.പാക്കിസ്ഥാനില്‍ ചൈനയുടെ അമിതമായ ഇടപെടലാണ് ആക്രമണത്തിനു കാരണമായി സംഘടന പറയുന്നത്.
അതിനിടെ ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ ഷിയ ആരാധനാലയത്തിനു സമീപം സ്ഫോടനത്തില്‍ 3 പാക്കിസ്ഥാന്‍കാരായ സിഖുകാര്‍ ഉള്‍പ്പെടെ 32 പേരും കൊല്ലപ്പെട്ടു. അഫ്ഗാന് അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ഇമാംഗഡിലാണ് ഷിയ ആരാധനാലയത്തിനു സമീപം 3 കുട്ടികള്‍ ഉള്‍പ്പെടെ 30 പേര് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 40 പേര്‍ക്കു പരുക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല