സ്വന്തം ലേഖകൻ: സ്വവര്‍ഗപ്രണയം നിയമവിധേയമാക്കിയ ദിവസം താന്‍ പൊട്ടിക്കരഞ്ഞെന്ന് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള വിവാഹമാണ് ഇനി ഇന്ത്യയില്‍ വരേണ്ട മാറ്റം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ടുഡേയുടെ ന്യൂസ് കണ്‍ക്ലേവിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. 377-ാം പിന്‍വലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ദിവസം തന്നെയായിരുന്നു തന്റെ പിതാവിന്റെ ജന്മദിനമെന്നും ഇത് സന്തോഷത്തോടൊപ്പം ആത്മവിശ്വാസവും നല്‍കിയതായി കരണ്‍ പറഞ്ഞു.
“ആ ദിവസം ഉറങ്ങി എണീറ്റ ഞാന്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞു. കാരണം അവസാനം ഇവിടെ സ്വാതന്ത്രം ലഭിച്ചിരിക്കുന്നു. അതൊരു ചരിത്രപരമായ വിധിയായിരുന്നു. യഥാര്‍ഥ സ്നേഹം ആഘോഷിക്കപ്പെടാനുള്ള നിമിഷം. അവസാനം ഇക്കാര്യം നിയമപരമായി അംഗീകരിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. നിങ്ങള്‍ക്കാരെ വേണമെങ്കിലും സ്നേഹിക്കാം,” കരണ്‍ ജോഹര്‍ പറഞ്ഞു.
ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഹോമോഫോബിയയെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന്, കാലത്തിനുസരിച്ച് ഈ മനോഭാവം മാറുമെന്നും സാഹിത്യവും സിനിമകളും ഇതിന് സഹായിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. സ്വവര്‍ഗപ്രണയത്തെ ആസ്പദമാക്കി സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ സമൂഹം അത്തരത്തിലൊരു സിനിമയ്ക്ക് തയ്യാറാണോ എന്നുറപ്പില്ലെന്നും പക്ഷേ താനൊരുക്കമാണ് എന്നുമായിരുന്നു കരണിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല