1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2015

അപ്പച്ചന്‍ കണ്ണഞ്ചിറ: സീറോ മലബാര്‍ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെയും സീ.എം.സി സന്യാസിനി മഠത്തിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും,ആദ്യ ദേവാലയത്തിന്റെ സമര്‍പ്പണവും ഉള്‍ക്കൊള്ളുന്ന ആത്മീയോത്സവവേള ഏറ്റവും പ്രൗഡോജ്ജ്വലം ആക്കുന്നതിനുള്ള തയ്യാറെടുപ്പോടെ ലങ്കാസ്റ്റര്‍ ഒരുങ്ങുന്നു. അഭിമാനാര്‍ഹമായ പ്രസ്തുത ആഘോഷം ചിട്ടയായും ഗംഭീരമായും വര്‍ണ്ണാഭമാക്കുന്നതിനായി പ്രസ്റ്റണില്‍ ചേര്‍ന്ന ആലോചനായോഗം വിപുലമായ ആഘോഷ കമ്മിറ്റിക്ക് രൂപം നല്‍കി.

യുറോപ്പില്‍ സീറോ മലബാര്‍ സഭക്ക് അഭിമാനം വിതറുന്ന ഈ അനുഗ്രഹീത സുവര്‍ണ്ണ നേട്ടം സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് തന്നെ നേരില്‍ എത്തിച്ചേര്‍ന്നു ഔദ്യോഗികമായി ആശീര്‍വ്വദിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്യും.ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ മൈക്കിള്‍ കാംപ്‌ബെല്‍, സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.

പ്രസ്തുത ആത്മീയോത്സവ ചടങ്ങില്‍ യുറോപ്പിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ബഹുമാന്യരായ വൈദികന്യാസിനികളെയും സഭാ മക്കളെയും,ഇതര ക്രൈസ്തവ സഭാ സമൂഹങ്ങളെയും ഹാര്‍ദ്ധവമായി സ്വാഗതം അരുളുന്നതിനും,ചടങ്ങില്‍ എത്തുന്ന എല്ലാ വിശ്വാസി സമൂഹങ്ങളെയും ആദരവോടെ വരവേല്‍ക്കുന്നതിനും, ആഘോഷ വേളയെ ഏറ്റവും ഗംഭീരമാക്കി മാറ്റുന്നതിനും ആയി ഊര്‍ജ്ജസ്വലമായ കമ്മിറ്റിക്കാണ് ലങ്കാസ്റ്റര്‍ വിശ്വാസി സമൂഹം രൂപം കൊടുത്തിരിക്കുന്നത്.

വികാരി ഫാ .മാത്യു ചൂരപൊയികയില്‍, ജനറല്‍ കണ്‍വീനര്‍ മാത്യു തോമസ്,വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ തോമസ് ജെയിംസ്, ജുമോന്‍ ബേബി,ജോബി ജേക്കബ്,ബിജു മാത്യു,അലക്‌സ് തോമസ്, ജോണ്‍സന്‍ സെബാസ്റ്റ്യന്‍,തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ആഘോഷ കമ്മിറ്റിക്ക് നേതൃത്വം നല്‍കും.

യു കെ യില്‍ സീറോ മലബാര്‍ സഭയുടെ നവ ചരിത്രം പിറക്കുന്ന ഒക്ടോബര്‍ മൂന്നിലെ വലിയ പിതാവിന്റെ തിരുക്കര്‍മ്മങ്ങളിലും, ചടങ്ങുകളിലും,സ്‌നേഹ വിരുന്നിലും ചേര്‍ന്ന് പ്രാര്‍ത്ഥനകളും, സന്തോഷവും പങ്കിടുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.