കുറേക്കാലമായി എല്ലാവരും ഇതേ ചോദ്യം ചോദിച്ചു തുടങ്ങിയിട്ട്. എന്നാല്‍ അതിന് ഉത്തരം പറയാന്‍ ബോളിവുഡിലെ ഈ ലവേഴ്സിനു സമയമില്ലായിരുന്നു. തിരക്കോട് തിരക്ക്, ഒടുവില്‍ കാമുകി മൗനം ഭഞ്ജിച്ചിരിക്കുന്നു. വിവാഹം ഈ വര്‍ഷം അവസാനം തന്നെയുണ്ടാവും. സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റേയും കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. മധുര് ഭണ്ഡാര്‍ക്കറുടെ ഹീറോയിനില്‍ അഭിനയിക്കുന്ന കരീനയാണ് വിവാഹക്കാര്യം പറഞ്ഞത്.
ഈ വര്‍ഷം അവസാനം വിവാഹം കഴിക്കാനാവുമെന്ന് വിശ്വ സിക്കുന്നു. ഹീറോയിന് പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. വിവാഹത്തിന്റെ ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കില്ല. അത്രയൊന്നും ധൃതിയില്ല, എങ്കിലും ഈ വര്‍ഷം തന്നെ അതുണ്ടാവുമെന്ന് കരീന. 2007 മുതല്‍ സെയ്ഫും കരീനയും പ്രണയത്തിലാണ്. കരീന മാത്രമല്ല സെയ്ഫും ഇപ്പോള്‍ ആകെ തിരക്കുപിടിച്ച് നടക്കുന്നു. തന്റെ സ്വപ്ന ചിത്രം ഏജന്റ് വിനോദാണ് സെയ്ഫിനിപ്പോള് പ്രധാനം.
താരകുടുംബത്തില്‍ ജനിച്ചെങ്കിലും അതൊന്നും ഒരിക്കലും തന്നെ ബാധിച്ചിട്ടില്ലെന്ന് കരീന പറയുന്നു. ഒരുപാട് സ്വപ്നം കാണുന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. ഒന്‍പതു വയസുള്ളപ്പോള്‍ മുതല്‍ ചേച്ചി കരിഷ്മ റിഹേഴ്സല്‍ ചെയ്യുന്നത് നോക്കിയിരിക്കും. ബാക്ക്സ്റ്റേജില്‍ അതെല്ലാം അനുകരിക്കാനും ശ്രമിച്ചിരുന്നു. അന്നു മുതല്‍ മനസില്‍ അഭിനയമോഹം മാത്രമായിരുന്നു. ഇന്നും അതല്ലാതെ മറ്റൊന്നും അറിയില്ല. കോളെജിലും പോയിട്ടില്ല, അതുകൊണ്ട് എന്നും അഭിനയിക്കാമെന്നു കരുതുന്നുവെന്ന് കരീന പറയുന്നു.
ഹീറോയിനാണ് ഇപ്പോള്‍ കരീനയുടെ മനസ് നിറയെ. ആദ്യമായി, നായകന്റെ പിന്നില്‍ നില്‍ക്കാതെ ഒരു സിനിമ. സ്വന്തം കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായാണ് കരീന ഇതു കണക്കാക്കുന്നത്. ബോളിവുഡ് എത്ര മാറിയാലും നായകന്മാരോടു കാട്ടുന്ന പ്രത്യേക താത്പര്യത്തിനു മാറ്റമൊന്നുമില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരിക്കല്‍പ്പോലും ഖാന്മാര്ക്കൊപ്പം നില്ക്കാന് പോലും കഴിയില്ല. വിദ്യ ബാലന്റെ ഡെര്‍ട്ടി പിക്ചറാണ് ഇതിനെല്ലാം മാറ്റം വരുത്തിയതെന്ന് കരീന സമ്മതിക്കുന്നു. നല്ല തിരക്കഥകള്‍ക്കു കാശ് മുടക്കാന്‍ നിര്‍മാതാക്കള്‍ തയാറാവാത്തതും ഹിന്ദി സിനിമയുടെ പ്രശ്നമാണെന്ന് കരീന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല