സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുള്ള നീക്കം താല്‍ക്കാലികമായി മരവിപ്പിച്ചു. സാമ്പത്തികബാധ്യത കുറയ്ക്കാനെന്നപേരില്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിമാനത്താവളത്തിന്റെ പദവി ഒരു പോയിന്റ് താഴ്ത്താനുള്ള നീക്കമാണ് വിമാനത്താവള അതോറിറ്റി താത്കാലികമായി മരവിപ്പിച്ചത്.
കാറ്റഗറി എട്ടില്‍നിന്ന് കാറ്റഗറി ഏഴിലേക്കാണ് വിമാനത്താവളത്തെ തരംതാഴ്ത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിമാനത്താവള അധികൃതരുടെ ശുപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയായിരുന്നു. വിമാനത്താവള അതോറിറ്റിയുടെ ഉത്തരവില്‍ താത്കാലികമാണ് പദവിതാഴ്ത്തല്‍ എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മരവിപ്പിച്ചെതെന്നാണ് സൂചന.
നേരത്തെ ജംബോ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയുണ്ടായിരുന്ന കാലത്ത് കാറ്റഗറി ഒന്‍പതിലായിരുന്നു വിമാനത്താവളത്തിന്റെ സ്ഥാനം. ഇതനുസരിച്ചാണ് പല വിദേശ വിമാനക്കമ്പനികള്‍ക്കും കോഴിക്കോട്ട് സര്‍വീസിന് അനുമതിലഭിച്ചത്. എന്നാല്‍ 2015ല്‍ റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടുനിന്ന് പിന്‍വലിച്ചതോടെ വിമാനത്താവളത്തിന്റെ പദവി കാറ്റഗറി എട്ടിലേക്ക് താഴ്ത്തിയിരുന്നു. ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങളാണ് ഈ കാറ്റഗറിയില്‍ വരുന്നത്.
ഡി കാറ്റഗറിയില്‍ വരുന്ന ബോയിങ് 777 മുതലുള്ള വിമാനങ്ങള്‍ക്ക് കോഴിക്കോട് സര്‍വീസ് നടത്താമെന്നിരിക്കെ ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിനുപകരം ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല എന്ന കാരണംപറഞ്ഞ് വിമാനത്താവളത്തെ തരംതാഴ്ത്താനാണ് എയര്‍പോര്‍ട്ട് ഡയറക്ടറുടെ ശുപാര്‍ശയില്‍ അതോറിറ്റി തീരുമാനമെടുത്തത്.
പുതിയ തീരുമാനം നടപ്പായിരുന്നുവെങ്കില്‍ വിദേശ വിമാനക്കമ്പനികളുടെ കോഴിക്കോട് സര്‍വീസിനുള്ള അപേക്ഷ ആ കാരണം പറഞ്ഞ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിരസിക്കാനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല