കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള ജീവനക്കാരും തമ്മില്‍ വെടിവെപ്പ്. ഇരുവിഭാഗനവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് ഒടുവിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.
സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ് സിഐഎസ്എഫ് ജവാനെ വെടിവെച്ചതെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫ് വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയിലാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. 200 ഓളം സിഐഎസ്എഫ് ജവാന്മാര്‍ തോക്കേന്തി വിമാനത്താവളത്തിന് റോന്ത് ചുറ്റുകയാണ്. ഇരുവിഭാഗത്തെയും തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരും മറ്റും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏകദേശം താളം തെറ്റിയിരിക്കുകയാണ്. വിമാനങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനാകാതെ വട്ടമിട്ട് പറക്കുകയാണ്. റണ്‍വെയില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അവരുടെ വാഹനങ്ങള്‍ ഉട്ട് ഉപരോധം ഏര്‍പ്പെടുത്തിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
വിമാനത്താവളത്തിലെ ദേഹപരിശോധനയ്ക്കിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷമുണ്ടാക്കിയത്. സണ്ണി എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ദേഹപരിശോധനയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. സിഐഎസ്എഫുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സണ്ണി ജവാന്റെ തോക്ക് പിടിച്ചു വാങ്ങി വെടി വെയ്ക്കുകയായിരുന്നെന്നാണ് പ്രാഥമികമായ വിവരം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല