1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2017

 

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ബുധനാഴ്ച തുറക്കും, 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജം. 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ ആരംഭിച്ച കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്.

2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയായിരുന്നു. 80 സെ.മീ ആഴത്തില്‍ കുഴി എടുത്തതിന് ശേഷമാണ് ഈ ഭാഗത്ത് പുതിയ റണ്‍വേ ഒരുക്കിയിരിക്കുന്നത്. റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു വൈദ്യുതീകരണവും പൂര്‍ത്തിയായി. കൂടാതെ, വിമാനം തെന്നിമാറുന്ന പ്രശ്‌നം പരിഹരിക്കാന്‍ റണ്‍വേയുടെ ഇരുവശങ്ങളിലും മണ്ണും നിറച്ചു.

വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്ന ഭാഗം മാര്‍ക്ക് ചെയ്യല്‍, റണ്‍വേയുടെ വശങ്ങളില്‍ ഇലക്ട്രിക് ലൈറ്റുകള്‍ തെളിക്കല്‍ എന്നിവ നടത്തിയിട്ടുണ്ട്. കാര്‍പ്പറ്റിങ് പ്രവൃത്തി പൂര്‍ത്തിയായപ്പോള്‍ റണ്‍വേയുടെ ഉയരംകൂടിയിരുന്നു. തുടര്‍ന്ന് സുരക്ഷാ പരിശോധനക്കെത്തിയ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സംഘം വിമാനങ്ങള്‍ റണ്‍വേയില്‍നിന്നും തെന്നിമാറാതിരിക്കാന്‍ റണ്‍വേയുടെ വശങ്ങള്‍ ഉയര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജനുവരി ഒമ്പതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപറേഷന്‍സ് വിഭാഗം മേധാവി മനോജ് ബൊക്കാഡേയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷ പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കുന്നതിന് മൂന്നരക്കോടി രൂപ ചെലവില്‍ ഇന്‍സ്ട്രുമെന്റ് ടു ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സ്ഥാപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കമീഷന്‍ ചെയ്യും.

2015 മേയ് ഒന്നിനാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റണ്‍വേ ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവൃത്തിക്കുമെങ്കിലും സര്‍വിസ് പുനഃക്രമീകരിച്ചിട്ടില്ല. മാര്‍ച്ച് അവസാനം വേനല്‍ക്കാല ഷെഡ്യൂള്‍ തയാറായശേഷം മാത്രമാണ് മുഴുവന്‍ സമയ സര്‍വിസ് ആരംഭിക്കുക.

റണ്‍വേ തുറന്നിട്ടും നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനമാകാത്തതിനാല്‍ വലിയ വിമാനങ്ങള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും വേണ്ടിയുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുകയാണ്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള റണ്‍വേ സൌകര്യം ഇപ്പോള്‍ കരിപ്പൂരിനുണ്ട്. ഇതിനുള്ള അനുമതി ഡിജിസിഎ പുനഃസ്ഥാപിക്കുമെന്നാണ് മലബാറില്‍ നിന്നുള്ള യാത്രക്കാരുടെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.