സ്വന്തം ലേഖകന്‍: റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറു മാസമെങ്കിലും ഭാഗികമായി അടച്ചിടുമെന്ന് ഉറപ്പായി. മേയ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്നാണ് സൂചന. റണ്‍വേ ബലപ്പെടുത്തല്‍ പ്രവൃത്തി കൂടുതല്‍ സമയമെടുത്തേക്കാമെന്നതിനാല്‍ അടച്ചിടല്‍ സമയവും നീളാന്‍ സാധ്യതയുണ്ട്.
ഇതോടെ അനിശ്ചിതത്വത്തില്‍ ആകുന്നത് ആ സമയത്ത് ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാരാന്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സമയമാണത്. വിമാനക്കമ്പനികള്‍ ആകട്ടെ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ഒന്നും മിണ്ടാത്തത് യാത്രക്കാരെ കൂടുതല്‍ കുഴക്കുകയും ചെയ്യുന്നു.
റണ്‍വേ അടച്ചിടുന്നത് സംബന്ധിച്ച് വിമാനത്താവള അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രമേ ബദല്‍ നടപടികള്‍ കൈകൊള്ളൂ എന്നാണ് വിമാനക്കമ്പനികള്‍ പറയുന്നത്. കരിപ്പൂരിലേക്ക് വലിയ വിമാന സര്‍വീസ് നടത്തുന്നത് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈനും ജിദ്ദ ആസ്ഥാനമായുള്ള സൗദി എയര്‍ലൈന്‍സുമാണ്. സൗദി സെക്ടറിലേക്ക് എയര്‍ ഇന്ത്യയും ജംബോ സര്‍വിസ് നടത്തുന്നുണ്ട്. ഈ വിമാനങ്ങളൊക്കെ ആറു മാസത്തേക്ക് കരിപ്പൂര്‍ സര്‍വിസ് നിര്‍ത്തി വക്കേണ്ടിവരും.
വേനലവധിക്കാലം തുടങ്ങുന്നതിനാല്‍ മേയ് അവസാനത്തിലും ജൂണ്‍ ആദ്യത്തിലും നിരവധി മലയാളി കുടുംബങ്ങളാണ് എമിറേറ്റ്‌സില്‍ ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നത്. അവധി കഴിഞ്ഞ് ആഗസ്റ്റ് അവസാനത്തിലും സെപ്റ്റംബര്‍ ആദ്യത്തിലുമായി മടക്ക ടിക്കറ്റുമുണ്ട് ഭൂരിഭാഗം പേരുടേയും കയ്യില്‍.
എമിറേറ്റ്‌സ് മേയ് ഒന്നു മുതലുള്ള ബുക്കിങ് നേരത്തെ നിര്‍ത്തിയിരുന്നു. എന്നാല്‍ നേരത്തെ ബുക് ചെയ്തവരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക് ചെയ്തവര്‍ ചോദിക്കുമ്പോള്‍ മറുപടി പറയാനാവാതെ വിഷമിക്കുകയാണ് ഏജന്‍സികള്‍.
ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കലാണ് ഒരു സാധ്യത. നഷ്ടം വരുമെന്നതിനാല്‍ വിമാനക്കമ്പനികള്‍ ഇതിന് തയാറാവാന്‍ സാധ്യത കുറവാണ്. അടച്ചിടുന്ന കാലത്ത് കരിപ്പൂരിലേക്കുള്ള സര്‍വിസുകള്‍ കൊച്ചിയിലേക്ക് മാറ്റലാണ് മറ്റൊരു സാധ്യത. എന്നാല്‍, ഏറെ തിരക്കുള്ള വിമാനത്താവളമായ കൊച്ചിയിലേക്ക് ഈ സര്‍വീസുകളെല്ലാം മാറ്റുന്നത് പ്രായോഗിഗമല്ല.
വിമാനത്താവളം അടക്കുന്ന പ്രഖ്യാപനം വരുന്നതു വരെ കാത്തിരുന്ന് അപ്പോഴത്തെ സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും വിമാനത്താവളങ്ങളിലേക്ക് വിവിധ സര്‍വിസുകള്‍ മാറ്റി വിടാനാണ് വിമാനക്കമ്പനികള്‍ ആലോചിക്കുന്നതെന്നാണ് സൂചന. ഫലത്തില്‍ ഈ വേനലവധിക്കാലത്ത് മലയാളികളെ കാത്തിരിക്കുന്നത് സുഖയാത്ര ആയിരിക്കാന്‍ സാധ്യതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല