1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2023

സ്വന്തം ലേഖകൻ: 2020 ഓഗസ്റ്റ് ഏഴിനുണ്ടായ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മോൺട്രിയൽ ഉടമ്പടി പ്രകാരമുളള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. മംഗലാപുരം വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ ഹർജിക്കൊപ്പം ഈ ഹർജികളും പരിഗണിക്കാൻ ജസ്റ്റിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

1999-ലെ മോൺട്രിയൽ ഉടമ്പടി പ്രകാരം നഷ്ടപരിഹാരം കണക്കാക്കിയാൽ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്ക് ചുരുങ്ങിയത് 1.34 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, നിലവിൽ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് എയർ ഇന്ത്യയും മരിച്ച ആൾക്കാരുടെ ബന്ധുക്കളും തമ്മിൽ കരാറിൽ എത്തിയിരുന്നു.

ഒരിക്കൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തത്തിൽ ഇനി മോൺട്രിയൽ ഉടമ്പടി പ്രകാരം നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നാണ് എയർ ഇന്ത്യയുടെ വാദം. അതിനാൽ ഹർജിയിൽ നോട്ടീസ് അയക്കരുതെന്നും എയർ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം സുപ്രീം കോടതി തള്ളി.

മോൺട്രിയൽ ഉടമ്പടി ഇന്ത്യ അംഗീകരിച്ചിട്ടുള്ളതിനാൽ കരാർ ഉണ്ടെങ്കിലും ഉയർന്ന നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനിക്ക് ബാധ്യതയുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഹർജിക്കാർക്കുവേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകരായ കോടോത്ത് ശ്രീധരൻ, സുൽഫിക്കർ അലി, മുഹമ്മദ് ആരിഫ്, അബ്ദുൾ ജലീൽ എന്നിവർ ഹാജരായി. എയർ ഇന്ത്യക്കുവേണ്ടി അഭിഭാഷകൻ ഹസൻ മുർതാസ ഹാജരായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.