സ്വന്തം ലേഖകൻ: രിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണത്തിന് ഭൂമി ഏറ്റെടുത്തുനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി അനുവദിച്ച സമയം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 10 ദിവസം. ഓഗസ്റ്റ് ഒന്നിനകം ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേയുടെ നീളം 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി വെട്ടിക്കുറയ്ക്കുമെന്നാണ് മന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. അതേസമയം, സംസ്ഥാനസർക്കാർ സ്ഥലമേറ്റെടുത്തു നൽകുന്നതു സംബന്ധിച്ച അനിശ്ചിതത്വം ഇനിയും മാറിയിട്ടില്ല.
ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൽനിന്ന് മറുപടി ലഭിക്കാത്തതിനാൽ, റൺവേ വെട്ടിച്ചുരുക്കുന്നതിനു സ്വീകരിച്ച നടപടികൾ അറിയിക്കാനാവശ്യപ്പെട്ട് കഴിഞ്ഞദിവസം വിമാനത്താവള ഡയറക്ടറോട് വിമാനത്താവള അതോറിറ്റി വിശദീകരണം തേടിയിരുന്നു. റെസ നിർമാണത്തിന് റൺവേയുടെ നീളം കുറയ്ക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന്റെ പുരോഗതിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
റൺവേ 2540 ആയി വെട്ടിക്കുറയ്ക്കുന്നതിന് നടത്തേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച് സാങ്കേതികവിഭാഗം റിപ്പോർട്ട് തയ്യാറാക്കുകയാണ്. ഇതെല്ലാമുൾപ്പെടെ വിശദമായ റിപ്പോർട്ട് വിമാനത്താവള അതോറിറ്റിക്ക് ഉടനെ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. റൺവേ നീളം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ കഴിഞ്ഞ സെപ്റ്റംബറിലും വിമാനത്താവള അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനു ഡയറക്ടർ മറുപടി നൽകിയിരുന്നില്ല. ഇതുകൂടി ഓർമ്മപ്പെടുത്തിയാണ് കഴിഞ്ഞയാഴ്ച വിമാനത്താവള അതോറിറ്റി വിശദീകരണം ചോദിച്ചത്.
2020-ലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച വിദഗ്ധസമിതിയാണ് റൺവേയ്ക്ക് ഇരുപുറവുമുള്ള റെസ നിലവിലുള്ള 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്. റൺവേയിൽനിന്ന് 320 മീറ്റർ വെട്ടിക്കുറച്ച് റെസ നിർമിക്കാനാണ് വിമാനത്താവള അതോറിറ്റി നേരത്തെ നിശ്ചയിച്ചത്. ഇതുവഴി റൺവേയുടെ നീളം 2860-ൽനിന്ന് 2540 ആകും. അതോടെ വലിയ വിമാനങ്ങളുടെ സർവീസും ഇല്ലാതാകും.
വിമാനത്താവളത്തിന്റെ വളർച്ച ഇല്ലാതാക്കുന്ന നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നു. അതോടെ റെസ നിർമാണത്തിന് സ്ഥലമേറ്റെടുത്ത് നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ആദ്യം 18.5 ഏക്കർ ഏറ്റെടുക്കാനായിരുന്നു തീരുമാനം. പിന്നീടത് 14.5 ഏക്കറായി. പള്ളിക്കൽ വില്ലേജിൽനിന്ന് ഏഴേക്കറും നെടിയിരുപ്പിൽനിന്ന് ഏഴരയേക്കറുമാണ് ഏറ്റെടുക്കുന്നത്.
ഒന്നരവർഷം മുമ്പേ സ്ഥലമേറ്റെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രാദേശികമായ എതിർപ്പുൾപ്പെടെ ഉയർന്നത് കാര്യങ്ങൾ മന്ദഗതിയിലാക്കി. സാമൂഹികാഘാത പഠനത്തിനടക്കം നാട്ടുകാർ തുടക്കത്തിൽ സഹകരിച്ചിരുന്നില്ല. വിമാനത്താവള വികസനത്തിന് ഒരിഞ്ച് ഭൂമി വിട്ടുനൽകില്ലെന്ന പ്രഖ്യാപനത്തോടെ സമരസമിതിയുടെ നേതൃത്വത്തിൽ എതിർപ്പു തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല