![](https://www.nrimalayalee.com/wp-content/uploads/2020/06/coronavirus-covid-19-lockdown-Vande-Bharat-Karipur-Official-Tested-Positive.jpg)
സ്വന്തം ലേഖകൻ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 2023 ഓടെ വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനാണ് പദ്ധതി. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിനുള്ളിൽ വിമാനത്താവളത്തിന്റെ ആസ്തികൾ സ്വകാര്യമേഖല ഏറ്റെടുക്കും. കരിപ്പൂർ കൈമാറ്റത്തിലൂടെ 562 കോടി സമാഹാരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കരിപ്പൂരിന് പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും വിൽപനപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ദേശീയപാതയടക്കം ആറു ലക്ഷം കോടി രൂപ മൂല്യമുള്ള പൊതുമുതൽ സ്വകാര്യമേഖലക്ക് നിബന്ധനകളോടെ വിൽക്കാനുള്ള പദ്ധതിയിൽ വ്യോമയാന മേഖലയിൽ നിന്ന് മാത്രം 20,782 കോടി രൂപ സമാഹാരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വേണ്ടത്ര ഉപയോഗിക്കാത്ത വസ്തുവകകൾ സ്വകാര്യ മേഖലക്ക് കൈമാറി അടിസഥാന സൗകര്യ വികസനമെന്ന പേരിൽ പണം സമാഹരിക്കാനുള്ള പദ്ധതി എന്ന നിലയിലാണ് വിൽപന.
നാലു വർഷംകൊണ്ട് ആറു ലക്ഷം കോടി രൂപയുടെ ആസ്തികളാണ് നൽകുക. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടർന്നുള്ള വർഷങ്ങളിൽ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കുമെന്നാണ് സർക്കാരിൻ്റെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല