സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പുറത്തുനിന്നുള്ള ടാക്സികളിൽനിന്ന് 283 രൂപ പ്രവേശനഫീസ് വാങ്ങുന്നത് തത്കാലം നിർത്തി. വൻ തുക പ്രവേശനഫീസ് വാങ്ങുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണിത്. പാർക്കിങ് മേഖലയിൽ കയറാത്ത വാഹനങ്ങളിൽനിന്ന് ഫീസ് വാങ്ങുന്നതും നിർത്തിവെച്ചു.
പുറത്തുനിന്നുള്ള ടാക്സി വാഹനങ്ങൾ പൊതുവേ വിമാനത്താവളത്തിനകത്ത് പാർക്ക് ചെയ്യാറില്ല. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്ത് ഉടൻ തിരിച്ചുപോകും. അതുകൊണ്ടുതന്നെ നിലവിൽ സൗജന്യമായി ടാക്സികൾക്ക് വിമാനത്താവളത്തിലേക്ക് വരാമെന്നായി.
വിമാനത്താവളത്തിനകത്ത് പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ള ടാക്സികൾക്ക് 283 രൂപയാക്കിയതുകൂടാതെ പാർക്കിങ് മേഖലയിൽനിന്ന് ഏഴ്-ഒൻപത് മിനിറ്റിനുള്ളിൽ പുറത്ത് കടന്നില്ലെങ്കിൽ വീണ്ടും ഇത്രയും തുക നൽകണമെന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രവേശനകവാടത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ വിമാനത്താവളത്തിനകത്തും പുറത്തും പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ടാക്സി വാഹനങ്ങൾക്ക് ഉയർന്ന പ്രവേശന നിരക്ക് ഏർപ്പെടുത്തിയിരുന്നത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രമാണ്. സംസ്ഥാനത്തെ മറ്റു മൂന്നിടത്തും താരതമ്യേന കുറഞ്ഞ നിരക്കാണ്.
കരിപ്പൂരിലെ വിമാനത്താവളത്തിൽ കടക്കാൻ ഇവിടത്തെ അംഗീകൃത പ്രീ പെയ്ഡ് ടാക്സികളല്ലാത്ത ടാക്സി വാഹനങ്ങൾക്ക് 283 രൂപയായിരുന്നു നിശ്ചയിച്ചത്. 40 രൂപയിൽ നിന്നാണ് നിരക്ക് കുത്തനെ കൂട്ടിയത്.
കേന്ദ്ര സർക്കാരിന്റെ വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള കേരളത്തിലെ ഏക വിമാനത്താവളത്തിൽ ഉയർന്ന ഫീസ് നിശ്ചയിച്ചപ്പോൾ മൂന്ന് സ്വകാര്യ വിമാനത്താവളത്തിലും താരതമ്യേന കുറഞ്ഞ ഫീസാണ്. തിരുവനന്തപുരത്ത് 10 മിനിറ്റിനകം പുറത്തുകടക്കുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾക്ക് ഫീസില്ല. 10 മിനിറ്റ് കഴിഞ്ഞാൽ രണ്ടുമണിക്കൂർ വരെ ടാക്സി കാറുകൾക്ക് 100 രൂപ ഈടാക്കും. പിന്നീട് ഏഴ് മണിക്കൂർ വരെ 250 രൂപയാണ് ഫീസ്.
കൊച്ചി വിമാനത്താവളത്തിൽ അംഗീകൃത ടാക്സികൾ ഒഴികെയുള്ള ടാക്സികൾക്ക് 60 രൂപയാണ് പ്രവേശനഫീസ്. 10 മിനിറ്റ് കഴിഞ്ഞാൽ രണ്ട് മണിക്കൂർ ഫീസായ 100 രൂപ കൊടുക്കണം. കണ്ണൂർ വിമാനത്താവളത്തിൽ കയറുന്ന എല്ലാ വാഹനങ്ങളും പ്രവേശനഫീസ് കൊടുക്കണം. കാറുകൾക്ക് 50 രൂപയാണ് ഫീസ്. പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ അധികമായും ഈടാക്കും.
കോഴിക്കോട്ട് 16 മുതലാണ് വിമാനത്താവള അതോറിറ്റി നിരക്ക് പുതുക്കിയത്. ടാക്സികൾക്ക് ഫീസ് പലമടങ്ങ് കൂട്ടിയപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് 20 രൂപയേ വർധിപ്പിച്ചിട്ടുള്ളൂ. ഇത് കള്ള ടാക്സിക്കാർക്ക് പ്രോത്സാഹനമാകുമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആരോപണം.
അംഗീകൃത ടാക്സികൾ വലിയ തുക വാടക നൽകിയാണ് വിമാനത്താവളത്തിൽ തുടരുന്നതെന്നും ഇവർക്ക് ട്രിപ്പ് കുറയാതിരിക്കാനാണ് പുറത്തുള്ള ടാക്സികളുടെ നിരക്ക് കൂട്ടിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഒടുവിൽ പ്രതിഷേധങ്ങൾ ശക്തമായപ്പോഴാണ് തത്കാലത്തേക്കെങ്കിലും ആ നിരക്ക് പിൻവലിക്കാൻ അധികൃതർ തയ്യാറായത്. കണ്ണൂരിൽ ഏപ്രിൽ മുതലാണ് ആദ്യ 15 മിനിറ്റിലെ സൗജന്യപ്രവേശനം നിർത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല