സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി സർവിസുകൾ പുനഃക്രമീകരിക്കുന്നതിനാൽ കോഴിക്കോട് കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം വരും. ജനുവരി 15 മുതൽ ആറുമാസത്തേക്കാണ് വിമാനത്താവളത്തിൽ ക്രമീകരണം. പകൽ 10 മുതൽ വൈകീട്ട് ആറു വരെ വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും തിരിച്ചും ഈ സമയങ്ങളിൽ കൂടുതൽ സർവിസുകളില്ലാത്തതിനാൽ രണ്ടു രാജ്യങ്ങൾക്കുമിടയിലെ മറ്റു സർവിസുകൾക്ക് പ്രയാസം സൃഷ്ടിക്കില്ല.
അതേസമയം, ആഴ്ചയിൽ മൂന്നുദിവസം രാവിലെ 10ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന എയർഇന്ത്യ എക്സ്പ്രസിനെ ഇത് നേരിയ രീതിയിൽ ബാധിക്കും. ഇതിനാൽ ഈ വിമാനം പുറപ്പെടുന്ന സമയം 9.50 ആക്കിയതായി അധികൃതർ അറിയിച്ചു. ആഴ്ചയിൽ മൂന്നു ദിവസം 9.50നും ബാക്കി ദിവസം 8.10നുമാകും വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെടുക.
അതിനിടെ, കുവൈത്തിൽനിന്നു കോഴിക്കോട്ടേക്ക് 16ന് 11.50ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് 11.20 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ അന്നേ ദിവസം രാവിലെ 8.20ന് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനം വൈകീട്ട് 6.45 ന് കോഴിക്കോട് എത്തിച്ചേരും. ഇതേസമയം വരും ദിവസങ്ങളിലും തുടരുമോ എന്നതിൽ വ്യക്തതയില്ല. സമയമാറ്റം സംബന്ധിച്ച് 15 ഓടെ വ്യക്തമായ ചിത്രം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല