സ്വന്തം ലേഖകൻ: സൌദിയുടെ വലിയ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയതോടെ മടങ്ങാനിരുന്ന പ്രവാസികളും സൌദിയിലേക്കു പോകാൻ കാത്തിരുന്ന ആരോഗ്യജീവനക്കാർ അടക്കമുള്ളവർ ആശങ്കയിൽ. 14ന് ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസിനാണ് ഡിജിസിഎ അനുമതി നിഷേധിച്ചത്.
ജിദ്ദയിൽനിന്നു പ്രവാസികൾ നാട്ടിലെത്തുമ്പോൾ, ഈ വിമാനത്തിൽ മടങ്ങാൻ കാത്തിരുന്നത് നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ളവരാണ്. യാത്രാവിവരം സൌദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളം അധികൃതരെ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യത്തിൽ, ഡിജിസിഎയുടെ അനുമതിയോടെ സൗകര്യമൊരുക്കാമെന്ന് ബന്ധപ്പെട്ടവർ മറുപടി നൽകി.
ഇതേത്തുടർന്ന് വിമാനക്കമ്പനി രേഖാമൂലം അപേക്ഷ സമർപ്പിച്ചപ്പോൾ ആണ് ഡിജിസിഎ ഡപ്യൂട്ടി ഡയറക്ടർ ജനറൽ അനുമതി നിഷേധിച്ചത്. എന്നാൽ, ഇതു രേഖാമൂലമുള്ള നിരസിക്കൽ അല്ല എന്നാണ് എയർപോർട്ട് അതോറിറ്റിയും സൌദി എയർലൈൻസും അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി ഏഴരയോടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു.
മൺസൂൺ കഴിയുന്നതു വരെ വലിയ വിമാനങ്ങൾക്ക് വിലക്ക് ഉണ്ട്. കഴിഞ്ഞ മാസം 7ന് ആണ് ‘സി’ കാറ്റഗറിയിലെ ചെറുവിമാനം കരിപ്പൂരിൽ അപകടത്തിൽപെട്ടത്. ഈ സാഹചര്യത്തിൽ 10ന് സൌദിയിൽനിന്നു കോഴിക്കോട്ടേക്കുള്ള സൌദി എയർലൈൻസിന്റെ വലിയ വിമാനത്തിന് അനുമതി നിഷേധിച്ചു. ഈ സർവീസ് പിന്നീട് കൊച്ചിയിലേക്കു മാറ്റുകയായിരുന്നു.
കോഴിക്കോട്ടുനിന്നുള്ള വലിയ വിമാന സർവീസുകൾ താൽക്കാലികമായെങ്കിലും നിർത്തിവച്ച ഡിജിസിഎയുടെ നിലപാടിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി സമരപരിപാടികളുമായി പലരും രംഗത്തെത്തി. കഴിഞ്ഞ ദിവസം ചേർന്ന വിമാനത്താവള ഉപദേശക സമിതിയും വലിയ വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല