1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2023

സ്വന്തം ലേഖകൻ: പത്തുമാസത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം പൂർണമായും 28-ന് ഇല്ലാതാകുകയാണ്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം.

റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒടുവിൽ റൺവേയിലെ പകൽനിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതുവരെ വിമാനക്കമ്പനികൾ സർവീസ് സമയം പരിഷ്‌കരിച്ചിരുന്നില്ല. 28-ന് ശൈത്യകാല ഷെഡ്യൂൾ നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ അലിഖിത നിയന്ത്രണങ്ങളും ഇല്ലാതാകും.

ജനുവരിയിൽ റീ കാർപെറ്റിങ് പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി 11 മാസത്തേക്കായിരുന്നു റൺവേയിൽ പകൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്. റീ കാർപെറ്റിങ്ങിനൊപ്പം സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ നടപ്പാക്കിയിരുന്നു.

കഴിഞ്ഞ ജൂണിൽത്തന്നെ റൺവേ റീ കാർപെറ്റിങ് പൂർത്തിയായിരുന്നു. റൺവേയിലെ ടാറിങ്ങിന് സമമായി വശങ്ങളിൽ മണ്ണിട്ടു നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടുപോയി. മണ്ണു ലഭിക്കുന്നതിനുള്ള ക്ഷാമവും മഴകാരണം പ്രവൃത്തി നിലച്ചതുമെല്ലാമാണ് ഗ്രേഡിങ് നീളാൻ കാരണം. എങ്കിലും ഒക്ടോബർ ആദ്യത്തോടെ പ്രവൃത്തി പൂർത്തിയായതോടെ റൺവേ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞിരുന്നു.

പകൽ നിയന്ത്രണം സംബന്ധിച്ച് നോട്ടാം (നോട്ടീസ് ടു എയർമാൻ) 28-ന് പിൻവലിക്കുന്നതോടെ വിമാനത്താവളം 24 മണിക്കൂർ പ്രവർത്തിക്കും. നിലവിൽ റൺവേ പകലും തുറന്നിട്ടുണ്ടെങ്കിലും നോട്ടാം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് വിമാനങ്ങൾ ഇറങ്ങുന്നത്.

പകൽ നിയന്ത്രണത്തിന് മുമ്പുണ്ടായിരുന്ന വിമാന സമയങ്ങളിൽ 28-നു ശേഷം ചെറിയ മാറ്റം വന്നേക്കും. തിരക്കു ക്രമീകരിക്കുന്നതിന് നിലവിലെ സമയത്തിൽ ചെറിയമാറ്റങ്ങൾ വരുത്താൻ വിമാനത്താവള അധികൃതർ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചില കമ്പനികൾ മാറ്റത്തിന് തയ്യാറായിട്ടുണ്ട്. ശൈത്യകാല ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതോടെയാകും മാറ്റങ്ങൾ വ്യക്തമാകുക.

2020-ൽ വിമാനാപകടമുണ്ടായതിനെ തുടർന്ന് വലിയ വിമാനങ്ങൾക്ക് വിലക്ക് വന്നതോടെ കരിപ്പൂരിൽനിന്നുള്ള കയറ്റമുതി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കൂനിൻമേൽ കുരുവെന്നപോലെ, നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ യുഎഇയിലേക്കുള്ള കയറ്റുമതിക്ക് നിയന്ത്രണംവന്നു.

നിപ നിയന്ത്രണ വിധേയമായിട്ടും ആരോഗ്യവകുപ്പ് നിപ ഫ്രീ സർട്ടി ഫിക്കറ്റ് നൽകാത്തതിനാൽ യുഎഇയിലേക്ക് പഴം, പച്ചക്കറി കയറ്റുമതി ചെയ്യുന്നതിന് കരിപ്പൂരിൽ മാത്രം നിയന്ത്രണം തുടരുകയാണ്.

കരിപ്പൂരിൽനിന്ന് 28 മുതൽ കൂടുതൽ വിമാനസർവീസുകൾ ഉണ്ടാകും. മസ്കറ്റിലേക്കുള്ള ഒമാൻ എയർ ആഴ്ചയിൽ 17 സർവീസുകൾ നടത്തും. നിലവിൽ 14 സർവീസുകളാണുള്ളത്. റിയാദിലേക്കുള്ള ഫ്ളൈ നാസ് സർവീസുകൾ നാലിൽനിന്ന് ആറാകും.

എയർ ഇന്ത്യ എക്‌സ്‌പ്രസും കരിപ്പൂരിൽനിന്ന് കുടുതൽ സർവീസുകൾക്ക് ഒരുങ്ങുകയാണ്. ആഭ്യന്തര സെക്ടറിൽ ഇൻഡിഗോ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ നടത്തും.

അതേസമയം, എയർ ഇന്ത്യ എക്‌സ്‌പ്രസ് ആഭ്യന്തര സർവീസുകളിൽ കരിപ്പൂരിനെ തഴയുകയാണ്. മറ്റു മൂന്നു വിമാനത്താവളങ്ങളിൽനിന്നും കുടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെനിന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.