സ്വന്തം ലേഖകൻ: നോർത്തേൺ അയർലാൻഡിലെ ഡ്യൂബ്ലിനിൽ കഴിഞ്ഞദിവസം വേർപിരിഞ്ഞ വിൻസൻറ് ചിറ്റിലപ്പിള്ളി, കരിവന്നൂർ ബാങ്കിലെ ലക്ഷങ്ങളുടെ നിക്ഷേപം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ മരണമടയുകയായിരുന്നുവെന്ന ആരോപണം കുടുംബവും ശരിവെച്ചു. ഡ്യൂബ്ലിൻ മലയാളിയും തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയുമായ വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണത്തിന് കാരണം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ആണെന്ന ആരോപണം കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കരയാണ് ഉന്നയിച്ചത്.
അയർലൻഡിലെ ദ്രോഗഡയിലാണ് വിന്‍സെന്റ് ചിറ്റിലപ്പള്ളി, 72, ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 2005 ൽ അയർലൻഡിൽ എത്തിയ വിൻസന്റും ഭാര്യയും ഇപ്പോഴും വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ദ്രോഗഡയിലെ ലൂര്‍ദ്ദ് ഹോസ്പിറ്റലിൽ നഴ്സായിരുന്നു ഭാര്യ താര വിൻസന്റ്. മക്കൾ നാട്ടിൽ ആയിരുന്നതിനാൽ റിട്ടയർമെന്റ് ജീവിതം നാട്ടിലാക്കണമെന്നാണ് വിൻസന്റും ഭാര്യയും ആഗ്രഹിച്ചിരുന്നത്.
ഭാര്യയ്ക്കൊപ്പം വിൻസന്റും വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കരുവന്നൂരിൽ നിക്ഷേപിക്കുകയായിരുന്നു ബാങ്കിൽ തട്ടിപ്പ് നടന്ന വിവരം പുറത്തു വന്നതോടെ നിക്ഷേപം തിരികെ ലഭിക്കാൻ ബന്ധപ്പെട്ടുവെങ്കിലും ലഭ്യമായില്ല. ഇതേത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലും സാമ്പത്തികബുദ്ധിമുട്ടിലും ആയിരുന്നു വിൻസന്റും കുടുംബവുമെന്ന് ഭാര്യ താര വിൻസന്റ് അനിൽ അക്കരയുടെ ആരോപണം ശരിവെച്ചുകൊണ്ട് പ്രതികരിച്ചു. വിന്‍സന്റിന് പാർട്ടിയിലുള്ള അമിതമായ വിശ്വാസവും സഹകരണ ബാങ്കിൽ നിക്ഷേപിക്കാൻ പ്രേരണയായി.
മക്കളായ തുഷാര വിൻസന്റ്, അമൂല്യ വിൻസന്റ് എന്നിവർ വിവാഹിതരായി നാട്ടിലാണ് താമസം. മകൻ അഭയ് വിൻസന്റ് യുകെയിൽ വിദ്യാർഥിയും. നാട്ടിൽ കുട്ടികളോടൊപ്പം താമസിക്കാൻ തയ്യാറെടുക്കുകയായിരുന്നു ദമ്പതികൾ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണവാർത്ത പങ്കുവെച്ചുകൊണ്ട് അനിൽ അക്കര ആരോപണം ഉന്നയച്ചതോടെയാണ് മരണത്തിനു പിന്നിലെ വസ്തുത പുറത്തുവന്നത്.
വിൻസന്റ് കരുവന്നൂർ ബാങ്കിൽ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും നിക്ഷേപിച്ചിരുന്നതായും എന്നാൽ ഇപ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് വിൻസന്റിന്റെ കുടുംബമെന്നും അനിൽ അക്കര ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തൃശൂർ എംപി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും അനിൽ അക്കര പറയുന്നുണ്ട്. വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ അടിയന്തരമായി സർക്കാർ സഹായം നൽകണമെന്നും അനിൽ അക്കര അവശ്യപ്പെട്ടു.
ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിൻസന്റ് ചിറ്റിലപ്പിള്ളി അയർലൻഡ് മലയാളികൾക്കിടയിൽ ഏറെ സജീവവും പ്രിയങ്കരനുമായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്താനാണ് തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തീകരിക്കുന്നതിനും ദ്രോഗഡ മലയാളി അസോസിയേഷൻ (ഡിഎംഎ) ഉൾപ്പടെ വിവിധ ഇന്ത്യൻ സംഘടനകൾ കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ചെലവിനായി പ്രാദേശികമായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. താരയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാകും വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. സിപിഎം ഭരണസമിതിയുടേയും നേതൃത്വത്തിന്റെയും അറിവോടെ കരുവന്നൂർ സഹകരണ ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ വായ്പാ–നിക്ഷേപത്തട്ടിപ്പുകൾ വഴി 300 കോടിയിലേറെ തട്ടിയെടുത്തെന്നാണ് ഇതുസംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഏറ്റവും പുതിയ കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ ജൂണിലാണ് കോടികളുടെ തട്ടിപ്പുവിവരം പുറത്തുവന്നത്. ബാങ്ക് പ്രസിഡന്റ് അടക്കം ഭരണസമിതി അംഗങ്ങളും മാനേജർ ഉൾപ്പെടെ ആറു ജീവനക്കാരും അറസ്റ്റിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല